Tuesday, March 31, 2009

പഞ്ഞിമരം

ഇത് പറമ്പിൽ പണ്ടുമുതലേ ഉള്ള പഞ്ഞിമരം. ഇതിൽനിന്നു ശേഖരിക്കുന്ന പഞ്ഞികൊണ്ടാണ് പണ്ട് വീട്ടിൽ കിടക്കകളും തലയിണകളും ഒക്കെ ഉണ്ടാക്കിയിരുന്നത്. പ്രത്യേക പരിചരണമൊന്നും കൂടാതെതന്നെ കാലാകാലങ്ങളിൽ നല്ല വിളവ് തരുന്ന പഞ്ഞിമരത്തിന്റെ കായകൾ ഒന്നുപോലും പാഴാക്കാതെ ശേഖരിച്ച് ഇറയത്ത് കൂട്ടിയിരുന്ന ആ കാലം ഓർക്കുന്നു. പഞ്ഞിക്കായകളുടെ പുറന്തോട് പൊളിച്ചശേഷം ഒന്നിച്ചുകൂട്ടിയിട്ട് വടികൊണ്ട് തല്ലിയാണ് കുരു നീക്കം ചെയ്തിരുന്നത്. ഇങ്ങനെ കിട്ടുന്ന പഞ്ഞി ചാക്കിൽ സൂക്ഷിച്ചുവച്ച് സൗകര്യം പോലെ കിടക്കകളോ തലയിണകളോ ഉണ്ടാക്കും.

പഞ്ഞിമരത്തിന്റെ ചില ചിത്രങ്ങൾ ഇതാ:




പഞ്ഞിമരം രണ്ടുതരത്തിൽ ഉണ്ട്. തടിയിൽ മുള്ളുള്ളതും ഇല്ലാത്തതും. രണ്ടിന്റേയും കായകൾ തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ലതാനും.

ഇത് മുള്ളുകളുള്ള പഞ്ഞിമരം:



ഇത് മുള്ളില്ലാത്തതും പച്ചപ്പ് കൂടുതലുള്ളതുമായ മരം:



പഞ്ഞിയുടെ ഇല:



പച്ചക്കായ:



ഉണങ്ങിയ കായകൾ



ഉണങ്ങിയ കായയ്ക്കുള്ളിൽ പുറത്തേക്കുപറക്കാൻ വെമ്പിനിൽക്കുന്ന പഞ്ഞിത്തുണ്ടുകൾ. എത്ര മനോഹരമായാണ് അവ അടുക്കിവയ്ക്കപ്പെട്ടിരിക്കുന്നത് അല്ലേ..?



പഞ്ഞിക്കായ രണ്ടായി പിളർത്തിയാൽ ഉൾഭാഗത്തായി കറുത്ത കുരുക്കൾ കാണാം.



കുരുക്കളും അവയോടു ചേർന്ന മാർദ്ദവമില്ലാത്ത ഭാഗങ്ങളും നീക്കം ചെയ്തെടുത്താൽ പഞ്ഞി റെഡി!



ഇന്നും പഞ്ഞിമരം മുറതെറ്റാതെ പൂക്കുന്നു, കായ്ക്കുന്നു..ആർക്കെന്നില്ലാതെ മരച്ചുവട്ടിൽ സ്വയം മെത്തയൊരുക്കുന്നു..

35 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

ഇന്നും പഞ്ഞിമരം മുറതെറ്റാതെ പൂക്കുന്നു, കായ്ക്കുന്നു..ആർക്കെന്നില്ലാതെ മരച്ചുവട്ടിൽ സ്വയം മെത്തയൊരുക്കുന്നു..

ശ്രീ said...

അവസാന വാചകം കലക്കി, ചേച്ചീ...

താഴെ വീഴുന്ന ചെറിയ പഞ്ഞിക്കായകള്‍ ശേഖരിച്ചിരുന്നതും അതിനുള്ളിലെ കുഞ്ഞു കുരുക്കള്‍ കൈ കൊണ്ട് ഞെക്കി പൊട്ടിച്ച് കളിച്ചിരുന്നതും എല്ലാം ഓര്‍മ്മ വന്നു.

ശ്രീലാല്‍ said...

ഉന്നക്കായി എന്ന് കണ്ണൂരിൽ

തോന്ന്യാസി said...

ബിന്ദ്വേച്ചീ,

കുട്ടിക്കാലത്ത് കിടക്ക ഉണ്ടാക്കുന്നത് ഒരുത്സവം പോലെയായിരുന്നു, അമ്മയും,മേമമാരും കിടക്ക തുന്നുമ്പോ ഞങ്ങള്‍ മരക്കൊമ്പ് കൊണ്ട് ഒരു കുരിശുണ്ടാക്കി പഞ്ഞി കടയാനിരിയ്ക്കും, അവസാനം അടി തൊട്ട് മുടി വരെ പഞ്ഞീല്‍ കുളിച്ച് കുളത്തിന്‍ കരയിലേക്ക് ഒരു പോക്കുണ്ട്...വെള്ളത്തില്‍ കുളിക്കാന്‍ :)

ചാണക്യന്‍ said...

പഞ്ഞി പുരാണവും ചിത്രങ്ങളും നന്നായി ആശംസകള്‍....

Rare Rose said...

ബിന്ദു ചേച്ചീ..,പഞ്ഞിമരം തറവാട്ടിലുണ്ടാരുന്നു...പക്ഷെ അതു കൊണ്ടു കിടക്കയൊന്നും ഉണ്ടാക്കിയിട്ടില്ലാരുന്നു..എന്തായാലും പാവം പഞ്ഞിമരത്തെ ഓര്‍മ്മിപ്പിച്ചതിനു നന്ദീ ട്ടോ..:)

രസികന്‍ said...

മുള്ളില്ലാത്ത പഞ്ഞിമരം എന്റെ വീട്ടിലുമുണ്ടായിരുന്നു (ഇപ്പോള്‍ ഓര്‍മ്മയില്‍ മാത്രം) ഇന്ന് പലസ്ഥലങ്ങളില്‍ നിന്നും പലതിനെയും പോലെതന്നെ പഞ്ഞിമരവും അപ്രത്യക്ഷമാകുന്നതാണു കാണുന്നത് ..

ഈ ഫോട്ടോസിനും വിവരണത്തിനും നന്ദി

പകല്‍കിനാവന്‍ | daYdreaMer said...

ഇന്നും പഞ്ഞിമരം മുറതെറ്റാതെ പൂക്കുന്നു, കായ്ക്കുന്നു..ആർക്കെന്നില്ലാതെ മരച്ചുവട്ടിൽ സ്വയം മെത്തയൊരുക്കുന്നു..

വളരെ ശരിയാണ്... ഇന്ന് ആര്‍ക്കും ഒന്നിനും സമയമില്ലാതാകുന്നു...

ഓര്‍മ്മകള്‍ ഉണര്‍ത്തിയ ഒരു നല്ല പോസ്റ്റ്...

the man to walk with said...

pandoru panjimaram veettilum undaayirunnu ...kure vavalukal virunnu varaarulla oru valiya maram..
thnx for the recalled memoirs

Kaithamullu said...

പഞ്ഞിമരം..
പണ്ട് ചേച്ചിമാര്‍ തക്ലി കൊണ്ട് നൂല്‍ നൂല്‍ക്കുന്ന ഓര്‍മ്മ!

എങ്ങനെയെടുത്തൂ ഇത്ര ചിത്രങ്ങള്‍ ബിന്ദൂ?
ഗ്രേറ്റ്!

Unknown said...

ഹാ... എല്ലാം പഴങ്കഥ............

siva // ശിവ said...

വേനല്‍ക്കാലങ്ങളില്‍ പറന്നു നടക്കുന്ന പഞ്ഞിത്തുണ്ടുകള്‍ ശല്യമായതിനാല്‍ വീടിലെ പഞ്ഞി മരങ്ങള്‍ വെട്ടിക്കളഞ്ഞു....

ഇപ്പോള്‍ തോന്നുന്നു അത് നിര്‍ത്താമായിരുന്നു എന്ന്. നന്ദി ഈ ഓര്‍മ്മപ്പെടുത്തലിന്

മാഹിഷ്മതി said...

ഞങ്ങളുടെ നാട്ടിൽ ഇതിനു ഉന്നക്കായ് എന്നു പറയും, പണ്ട് കല്യാണ വന്നാൽ ഇതിൽ നിന്ന് പഞ്ഞി എടുത്താണ് കിടക്ക ഒരുക്കുക... കടത്തനാട്ടിൽ മുസ്ലിങ്ങളുടെ ഇടയിൽ “ഉന്നക്കായ് “ എന്നൊരു പലഹാരവുമുണ്ട് നല്ല രുചിയാണ് .

yousufpa said...

പലരും ഓര്‍ക്കാത്തതിനെ ഓര്‍ത്തു വെച്ച് ഞങ്ങള്‍ക്കേകിയതിന് നന്ദി.....

സുപ്രിയ said...

വീട്ടിലും ഉണ്ടായിരുന്നു പഞ്ഞിമരം. ഒട്ടും തണലില്ലാത്ത മരമാണ്. എങ്കിലും അതിന്റെ ചുവട്ടിലായിരുന്നു ഞങ്ങളുടെ എല്ലാ കുരുത്തക്കേടുകളും. ചെറുതായിരുന്നപ്പോള്‍ മണ്ണുകൊണ്ട് കഞ്ഞീം കറീം വെയ്ക്കുമ്പോ പഞ്ഞിക്കുരുവായിരുന്നു കറി. പഞ്ഞിക്കായ് പൊട്ടിച്ച് കുരുവെടുക്കുമ്പോ കിട്ടുന്ന സില്‍ക്കുപോലത്തെ പഞ്ഞി കാറ്റില്‍ പറത്തലായിരുന്നു മറ്റൊരു വിനോദം. അടുപ്പുണ്ടാക്കി ചിരട്ടപ്പാത്രത്തില്‍ പഞ്ഞിക്കുരുവിട്ട് വെള്ളമൊഴിച്ച് വേവിച്ച് തിന്നതിന് അമ്മയുടെകയ്യില്‍നിന്ന് തല്ലും കിട്ടിയിട്ടുണ്ട്.

പോസ്റ്റ് ഈ ഓര്‍മ്മകളാണ് ഉണര്‍ത്തിയത്. പഞ്ഞിമരം മുറതെറ്റാതെ പൂക്കുന്നില്ല ഇപ്പോള്‍. അതില്ലാതായിട്ട് കാലം കുറെയായി. പഞ്ഞിനിന്നിടത്ത് നോക്കിയാല്‍ കോണ്‍ക്രീറ്റ് വീടുകള്‍ കാണാം. മെത്തകളെല്ലാം പഞ്ഞിപോയി ഫോംകൊണ്ടായി.. എങ്കിലും എവിടെയെങ്കിലും പഞ്ഞിമരം കാണുമ്പോള്‍ പഴയ ഓര്‍മ്മകള്‍.

തോന്ന്യാസി പറഞ്ഞത് എന്റെയും ഓര്‍മ്മയാണ്. എല്ലായിടത്തും പഞ്ഞികടയുന്നത് അങ്ങനെതന്നെയായിരിക്കും അല്ലേ...

പി.സി. പ്രദീപ്‌ said...

ശ്രീ പറഞ്ഞതുപോലെ അവസാനത്തെ വാചകം കലക്കി.
എന്റെ വീട്ടിലും ഉണ്ടായിരുന്നു പഞ്ഞി മരം.

The Eye said...

Yes..

It created a nostalgia....

and a different knowledge about "PANJIMARAM"...!

Lathika subhash said...

ബിന്ദൂ,
പഞ്ഞിമരത്തിനും പഞ്ഞിക്കായയ്ക്കും പഞ്ഞിയ്ക്കുമൊക്കെ ഇങ്ങനൊരു അംഗീകാരം നല്‍കിയതു നന്നായി. കഴിഞ്ഞ ദിവസം ഞാന്‍ ഒരു അപ്പൂപ്പന്‍ താടി പറക്കുന്നതു കണ്ടു. ഒത്തിരി നേരം നോക്കി നിന്നു. ചിത്രമെടുക്കാനായില്ല.
ഈ പോസ്റ്റിന് നന്ദി.

അനില്‍@ബ്ലോഗ് // anil said...

ഈ ഫോട്ടോസ് ????
വീട്ടില്‍ ഇപ്പോഴും ഉണ്ടോ പഞ്ഞിമരം?
നല്ല ചിത്രങ്ങള്‍.

Jayasree Lakshmy Kumar said...

നല്ല ചിത്രങ്ങൾ, ബിന്ദൂ. വിവരണവും :)

poor-me/പാവം-ഞാന്‍ said...

ഇതിന്റെ കുരു അബുദാബിയില്‍ നിന്നു കൊണ്ടു വന്നതാണോ? കൂടെ ക്കൂടെ നാട്ടില്‍ വരുന്നത് ബ്ളോഗിനു പറ്റിയ അസംസ്കൃത വസ്ത്തുക്കള്‍ തേടിയാണോ? അടുത്ത മഴക്കു വരുമ്പോള്‍ തെക്കോട്ട് നീന്താന്‍ മറക്കരുതേ!

മേരിക്കുട്ടി(Marykutty) said...

ഇതിന്റെ കുരു തിന്നാന്‍ കൊള്ളാം..കഴിച്ചു നോക്കിയിട്ടുണ്ടോ??
ഉണങിയ കായയുടെ കുരു പെറുക്കി തിന്നുക എന്റെ ഹോബി ആയിരുന്നു :))

K.V Manikantan said...

പണ്ടു ഇതിന്റെ കുരു തിന്നാറുണ്ടായിരുന്നു. വിഷമായിരുന്നോ ആവോ?

Basheer Vallikkunnu said...

ഇവറ്റകളുടെയൊക്കെ ഓരോ പ്ലാസ്റ്റിക് മോഡല്‍ കിട്ടിയിരുന്നെന്കില്‍ ..

ജയകൃഷ്ണന്‍ said...

enta veetilum undayerunnu oru valiya pagi maram ,jagal pula kkaya ennu parayum,ee blog vayechapool pala pazaya karyagalum ormmayel vannu

വീകെ said...

ആർക്കും വേണ്ടാതെ, ആരും ശ്രദ്ധിക്കാനില്ലാതെ ഏതെങ്കിലും വേലിറമ്പിലൊ,അതിർത്തിയിലൊ ഒക്കെ വളർന്ന് ഉപകാരം മാത്രം ചെയ്യുന്ന ആ പാവം പഞ്ഞിമരത്തെ ഓർമ്മിക്കാൻ ഒരു ബിന്ദുച്ചേച്ചി കാരണമായി.

അഭിനന്ദനങ്ങൾ.

Anil cheleri kumaran said...

ഞാൻ‌ പറയാനായി വന്നത് ശ്രീലാൽ‌ പറഞ്ഞു.. പോസ്റ്റ് ഇഷ്ടപ്പെട്ടു.

പാവപ്പെട്ടവൻ said...

ഞങ്ങള്‍ ഇതിന്‍റെ കറുത്ത അരി തിന്നുമായിരുന്നു നല്ല രുചിയാണ് .ഒരു കാല ഘട്ടത്തിന്‍റെ ഓര്‍മ്മയാണ് പഞ്ഞിമരം എന്ന ഈ ചെറുകുറിപ്പിലൂടെ ബിന്ദു ഇവിടെ കോറിയിട്ടത്‌.

ഹൃദയം നിറഞ്ഞ ആശംസകള്‍

ഹരിശ്രീ said...

ചേച്ചി,

ഒരു കാലഘട്ടത്തില്‍ കിടക്കതുന്നാനും, തലയിണ ഒരുക്കാനും മിക്കവാറും എല്ലാവരും ഉപയോഗിച്ചിരുന്ന പഞ്ഞിക്കായ സ്പോഞ്ചിന്റെ കടന്നുവരവോടെ അനാഥരായി...

ഇന്നും പഞ്ഞിമരം മുറതെറ്റാതെ പൂക്കുന്നു, കായ്ക്കുന്നു..ആർക്കെന്നില്ലാതെ മരച്ചുവട്ടിൽ സ്വയം മെത്തയൊരുക്കുന്നു...

:(

smitha adharsh said...

അസ്സലായി..നല്ല ചിത്രങ്ങള്‍..
ഞാനും കുറേക്കാലം പുറകിലേയ്ക്ക് പോയി..

പിരിക്കുട്ടി said...

nannayittundu bindhu chechi....
പണ്ട് ഞങ്ങള്‍ അതിന്റെ കുഞ്ഞു കായ എടുത്തു പൊട്ടിച്ചു കളിക്കുമായിരുന്നു

Viswaprabha said...

Kapok (Ceiba pentandra)
പഞ്ഞിമരം.
തൃശ്ശൂർ ഭാഗത്ത് പൂളമരം എന്നും പേരുണ്ട്.
http://en.wikipedia.org/wiki/Kapok(For search crawlers)

Sabu Hariharan said...

ആർക്കെന്നില്ലാതെ മരച്ചുവട്ടിൽ സ്വയം മെത്തയൊരുക്കുന്നു..

ചിത്രവും അതിനൊത്ത അടിക്കുറിപ്പും!

Unknown said...

ഇന്ന്‌ അതിനെ ആരും വെച്ചേക്കാറില്ല കൊത്തിമുറിച്ചു കളയും എനിട്ട് പറയും westവെസ്റ്റ് മരമാണ് ഇന്ന്

Seelife said...

ചെറിയ കുട്ടിയായിരുന്നപ്പോ എനിക്ക് ഉന്നത്തിന്റെ പഞ്ഞി ഭയങ്കര പേടിയായിരുന്നു. അമ്മയും ചേച്ചിയുമെല്ലാ
'കോചൂച്ചി ' എന്ന് പറഞ്ഞു പേടിപ്പിക്കുമായിരുന്നു. താങ്കളുടെ അനുഭവം ഇഷ്മ യി. കണ്ണൂർ സ്വദേശിയാണ് ഞാൻ ,അരയാൽ സാധാരണയായി ആരും നടാറില്ലെന്നും, നടുന്ന ആൾ ആൽ അവരുടെ നീളത്തിന് പകുതിയാവുമ്പോഴേക്കും മരിക്കുമെന്നുമുള്ള പ്രചാരം ഉള്ളതായി അമ്മ പറയുഞ്ഞു.

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP