Monday, May 4, 2009

കുരുട്ടുപാല

ശാസ്ത്രീയ നാമം :- Tabernaemontana dichotona Roxb.
കുടുംബം :- Apocynaceae
പേരുകൾ:
സംസ്കൃതം: kambillaka, ksheerini
മലയാളം : കുരുട്ടുപാല, കൂനം‌പാല, കമ്പിപ്പാല.



കുരുട്ടുപാല ഔഷധഗുണമുള്ള ഒരു കുറ്റിച്ചെടിയാണ്. വേലിയരുകിലോ കുന്നിൻ‌ചെരുവിലോ, ചെറിയ കുറ്റിക്കാടുകളിലോ ഒക്കെ ഇവനെ കണ്ടത്താം. നന്ത്യാർവട്ടം, കോളാമ്പി, അരളി എന്നിവയുടെയൊക്കെ കുടുംബത്തിൽ പെടുന്ന കുരുട്ടുപാല ഒറ്റ നോട്ടത്തിൽ നന്ത്യാർവട്ടമാണോ എന്ന് സംശയിച്ചുപോകും. നന്ത്യാർവട്ടവുമായി ഇതിന് രൂ‍പസാദൃശ്യമേറെയാണ്.



കുരുട്ടുപാലയുടെ പൂവ്:



കുരുട്ടുപാലയുടെ കായ കാഴ്ചയിൽ കൗതുകമുണർത്തുന്നതാണ്. ഒരു ഞെട്ടിയിൽ രണ്ടെണ്ണം വീതമുള്ള, നടുഭാഗം വളഞ്ഞ ആകൃതിയുള്ള കായകൾ മൂക്കുമ്പോൾ പച്ചനിറം മാറി ഓറഞ്ച് നിറമാവും.



കായ വളരെ അടുത്ത്:



കായ ഞെട്ടിയിൽനിന്ന് അടർത്തിയാൽ പാലുപോലെയുള്ള ചറം ധാരാളമായി ഒഴുകിവരുന്നതു കാണാം. കോളാമ്പിയിലും മറ്റും ചറം ഉണ്ടെങ്കിലും കുരുട്ടുപാലയിലുള്ളത്ര ഇല്ലെന്നു തോന്നുന്നു. സംസ്കൃതത്തിൽ ഇതിനെ ‘ക്ഷീരിണി’ എന്നു വിളിയ്ക്കാനുള്ള കാരണവും മറ്റൊന്നായിരിക്കില്ല.




ഈ ചെടിയുടെ തണ്ടും വേരുമൊക്കെ അയുർവേദമരുന്നുകളിലും വിഷചികിത്സയിലും ഉപയോഗിക്കുന്നതായി കേൾക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയില്ല.

പക്ഷേ, എന്റെ ഓർമ്മയിൽ കുരുട്ടുപാല ദീപ്തമായി നിൽക്കുന്നതിന്റെ കാരണം മറ്റൊന്നാണ്. കുട്ടിക്കാലത്ത് കാലിൽ മുള്ളു കേറിയാൽ ആദ്യം തിരയുന്നത് കുരുട്ടുപാലയെയാണ്. കുരുട്ടുപാലയുടെ ചറം മുള്ളുകേറിയ ഭാഗത്ത് ഇറ്റിച്ചശേഷം ഞെക്കിയാൽ മുള്ള് വേഗം പുറത്തേയ്ക്ക് പോരും..!!!

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP