Monday, July 19, 2010

വെങ്കലം (ഭാഗം 1)

ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള നടവരമ്പ് എന്ന ഗ്രാമത്തിലൂടെ കടന്നുപോകുമ്പോൾ റോഡരുകിൽത്തന്നെയുള്ള “നടവരമ്പ് ബെൽ മെറ്റൽ‌സ്” എന്ന ഓട്ടുപാത്രക്കട ആരും ഒന്നു ശ്രദ്ധിക്കാതിരിക്കില്ല. വിളക്കുകളും മറ്റും വാങ്ങാൻ പലവട്ടം ഞാനവിടെ പോയിട്ടുണ്ട്. കടയുടെ പിന്നിലുള്ള ഉടമസ്ഥന്റെ വീടിനോടു ചേർന്നുതന്നെയാണ് നിർമ്മാ‍ണശാലയും പ്രവർത്തിക്കുന്നത്. എന്നെങ്കിലും ഒരിക്കൽ അവിടം സന്ദർശിക്കണമെന്ന ആശ മനസ്സിലുദിച്ചിട്ട് കുറച്ചു കാലമായി. ഈയിടെയാണ് ആ ആഗ്രഹം സഫലമാ‍യത്. അവിടെ ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ച് അനുവാദം വാങ്ങിയതുൾപ്പെടെയുള്ള സഹായസഹകരങ്ങൾ ചെയ്തുതന്നത് എന്റെ നല്ലപാതി തന്നെ.

ഫാക്ടറിയുടെ ഉടമസ്ഥനായ ശ്രീ കൃഷ്ണപ്പസ്വാമിയുമായി ഞങ്ങൾ സംസാരിക്കുകയുണ്ടായി. തഞ്ചാവൂരിൽ നിന്ന് കുടിയേറിപ്പാർത്ത ബ്രാഹ്മണരാണ് അദ്ദേഹത്തിന്റെ പൂർവ്വികർ. ഈ വ്യവസായത്തോടുള്ള, പാരമ്പര്യമായി കൈമാറിക്കിട്ടിയ താല്പര്യവും അർപ്പണബോധവും ഈ മേഖലയിൽത്തന്നെ തുടരാൻ സ്വാമിയെയും പ്രേരിപ്പിക്കുകയായിരുന്നു. ഓട്ടുപാത്രനിർമ്മാണത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് നല്ല അവബോധമുള്ള കൃഷ്ണപ്പസ്വാമി നിർമ്മാ‍ണഘട്ടങ്ങളെക്കുറിച്ച് വളരെ ലളിതമായി ഞങ്ങൾക്ക് വിശദീകരിച്ചുതന്നു. “നടവരമ്പ് ബെൽ മെറ്റൽ” എന്ന സ്ഥാപനത്തിന്റെ അമരക്കാരനെന്ന നിലയിലും, ഈ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി ഇന്ത്യയിലാദ്യമായി രൂപീകരിക്കപ്പെട്ട സഹകരണസംഘമായ “നടവരമ്പ് കൃഷ്ണാ ബെൽമെറ്റൽ വർക്കേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി”യുടെ സ്ഥാപകൻ എന്ന നിലയിലും പിന്നിട്ട വഴികളിലെ ഉയർച്ചതാഴ്ചകളെക്കുറിച്ചൊക്കെ വളരെ സരസമായിത്തന്നെ സ്വാമി വിവരിച്ചത് തികച്ചും ഹൃദ്യമായ ഒരു അനുഭവമായി.
കൃഷ്ണപ്പസ്വാമിയും പത്നിയും

വെങ്കലം(Bell Metal)
വെങ്കലം അഥവാ ഓട് എന്നു പറയുന്നത് ചെമ്പും(Copper) വെളുത്തീയവും(Tin) ചേർത്തുരുക്കി ഉണ്ടാക്കുന്ന സങ്കരലോഹമാണ്. 78 % ചെമ്പും 22% ഈയവും ചേർന്നതാണ് ശുദ്ധമായ ഓട് അഥവാ വെള്ളോട്. ഈയം വളരെ വിലകൂടിയ ലോഹമായതുകൊണ്ട് വെള്ളോടുകൊണ്ടുള്ള വസ്തുക്കൾക്കും വില കൂടും. ഭക്ഷണം കൈകാര്യം ചെയ്യാനുള്ള പാത്രങ്ങൾ (ഉരുളി, വാർപ്പ്, ചെമ്പ്, കലം, മൊന്ത, ലോട്ട മുതലായവ) വെള്ളോടിൽ ഉണ്ടാക്കിയതായിരിക്കണം. ഇന്ന് ഓട്ടുപാത്രങ്ങൾ അടുക്കളകളിൽനിന്ന് പുറന്തള്ളപ്പെട്ട് സ്വീകരണമുറിയിലെ കാഴ്ചവസ്തുക്കളായി മാറിയതുകൊണ്ട് ക്ഷേത്രങ്ങളിലെ ആവശ്യത്തിനോ, പ്രത്യേകമായി ആരെങ്കിലും ഓർഡർ ചെയ്താലോ മാത്രമേ ശുദ്ധമായ ഓട്ടുപാത്രങ്ങൾ ഉണ്ടാക്കാറുള്ളുവത്രേ. അല്ലാ‍ത്തവയിൽ താരതമ്യേന വില വളരെ കുറഞ്ഞ നാകം(Zinc) ആണ് ചേർക്കുന്നത്. ഇവയിൽ ഈയം വളരെ കുറച്ചു മാത്രം ചേർക്കുകയോ, തീരെ ചേർക്കാതിരിക്കുകയോ ചെയ്യും . ഇതിനാണ് പിച്ചള(Brass) എന്നു പറയുന്നത്. പിച്ചളപ്പാത്രങ്ങൾ പാചകത്തിന് ഉപയോഗിക്കില്ല. ഈയം, ഇരുമ്പ്, ചെമ്പ്, സ്വർണ്ണം, വെള്ളി എന്നീ അഞ്ചു ലോഹങ്ങൾ ചേർത്തുരുക്കുന്നതാണ് പഞ്ചലോഹം.

കരകൗശലവും കഠിനാദ്ധ്വാനവും ഒരുപോലെ സമന്വയിച്ചിട്ടുള്ള വിസ്മയക്കാ‍ഴ്ചകളാണ് നിർമ്മാണശാലയിലുടനീളം. ഉണ്ടാക്കേണ്ട വസ്തുവിന്റേയോ ശില്പത്തിന്റേയോ ആകൃതിയും കനവും ഉൾക്കൊള്ളുന്ന കരു(അച്ച്, mould) കൃത്യമായി രൂപപ്പെടുത്തി, അതിൽ ലോഹം ഉരുക്കിയൊഴിച്ച്, അവസാനം കരു പൊട്ടിച്ച് ഉല്‍പ്പന്നം പുറത്തെടുക്കുക എന്നത് സങ്കീർണ്ണമായ ഘട്ടങ്ങളുള്ള നീണ്ട പ്രക്രിയയാണ്. (ഇതിന് സ്വാമി പറയുന്ന മനോഹരമായ ഉപമ എന്താണെന്നോ..? ഗർഭപാത്രത്തിൽ ഉരുവം കൊള്ളുന്ന ഭ്രൂണം, കേവലമൊരു മാംസപിണ്ഡമെന്ന അവസ്ഥയിൽ നിന്ന് ക്രമേണ അവയവങ്ങൾ രൂപപ്പെട്ട്, പത്തുമാസംകൊണ്ട് പൂർണ്ണരൂപം പ്രാപിച്ച ശിശുവായി മാതൃശരീരത്തിൽ നിന്ന് പുറത്തുവരുന്നതുപോലെയാണത്രേ!).
കരു ഉണ്ടാക്കുന്നതിൽ എന്തെങ്കിലുമൊരു പിഴവ് (വിള്ളൽ മുതലായവ) സംഭവിച്ചുപോയാൽ സർവ്വ അദ്ധ്വാനവും പാഴായതുതന്നെ.
നിർമ്മാണ പ്രക്രിയയെ പ്രധാനമായും കരുനിർമ്മാ‍ണം, മെഴുകുരുക്കൽ, വാർക്കൽ, കരുപൊട്ടിച്ച് ലോഹരൂപം പുറത്തെടുക്കൽ, രാകിമിനുക്കൽ എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളായി തരം തിരിക്കാം. ഇതിൽ കരുനിർമ്മാണത്തിനു തന്നെ വിവിധ ഘട്ടങ്ങളുണ്ട്.

കരുനിർമ്മാണം:
ഒന്നാം ഘട്ടം:
കളിമണ്ണാണ് കരുനിർമ്മാ‍ണത്തിലെ മുഖ്യഘടകം. ആദ്യമായി, ഉണ്ടാക്കേണ്ട വസ്തുവിന്റെ/ശില്പത്തിന്റെ ഏകദേശ രൂപം(പ്രാരംഭ രൂപം) കളിമണ്ണും വാർക്കമണ്ണും കൂടി നന്നായി കുഴച്ചെടുത്ത മിശ്രിതം കൊണ്ട് രൂപപ്പെടുത്തുന്നു. ഇതിന് ഉൾക്കരു/മൂലക്കരു എന്നു പറയുന്നു. (അവസാന ഘട്ടത്തിൽ, വാർത്തെടുത്ത കരുവിനുള്ളിൽ നിന്ന് ശില്പങ്ങൾ വേർപെടുത്തിയശേഷം ബാക്കിയാവുന്ന മണ്ണ് തല്ലിപ്പൊട്ടിച്ച് പൊടിയാക്കി വീണ്ടും ഉപയോഗിക്കും. ഇതിനാണ് വാർക്കമണ്ണ് എന്നു പറയുന്നത്). കൂടുതൽ ഉറപ്പിനുവേണ്ടിയാണ് കളിമണ്ണിന്റെ കൂടെ വാർക്കമണ്ണ് ചേർക്കുന്നത്. ഉപയോഗിച്ചമണ്ണ് വീണ്ടും വീണ്ടും ഉപയോഗിക്കാം എന്ന മെച്ചവുമുണ്ട്.

ചില പ്രാരംഭ രൂപങ്ങളാണ് താഴെ കാണുന്നത്. ആദ്യത്തേത് ഒരു വിളക്കിന്റേതും രണ്ടാമത്തേത് ദേവീവിഗ്രത്തിന്റേയും മൂന്നാമത്തേത് കൃഷ്ണവിഗ്രഹത്തിന്റേതുമാണ്.

രണ്ടാം ഘട്ടം:

ഉൾക്കരുവിനു മീതെ ശരിയായ രൂപമുണ്ടാക്കലാണ് അടുത്ത ഘട്ടം. അരിച്ചെടുത്ത മിനുസമുള്ള മണ്ണുകുഴച്ചത് ഉപയോഗിച്ച് കൂട്ടച്ചിൽ വച്ച് കടഞ്ഞാണ് ഇത് ചെയ്യുന്നത്. വിളക്ക്, കിണ്ടി, ഉരുളി, കലം, കുടം, മൊന്ത, ദീപസ്തം‌ഭം,മണി മുതലായവയാണ് ഇങ്ങനെ കടഞ്ഞെടുത്ത് രൂപഭംഗി വരുത്തുന്നത്. വിഗ്രഹങ്ങളും മറ്റു ശില്പങ്ങളും ദിവസങ്ങളോളം മിനക്കെട്ടിരുന്ന് കൈകൊണ്ട് രൂപപ്പെടുത്തുകതന്നെ വേണം. ഇവിടെയാണ് തൊഴിലാളിയിലെ കലാകാരൻ ഉണരുന്നത്.
കൂട്ടച്ച്:

കടഞ്ഞ് ഭംഗിയാക്കിയ വിളക്കിന്റെ കരുക്കൾ.

മൂന്നാം ഘട്ടം:
ഇവയ്ക്കു പുറത്ത് നല്ല മിനുസമുള്ള വാർക്കമണ്ണ് തേച്ച് ഒന്നുകൂടി മിനുക്കും. ഇതിന് കളിയിടൽ എന്നാണ് പറയുക.

നാലാം ഘട്ടം:
മെഴുകാണ് അടുത്ത ഘട്ടത്തിലെ പ്രധാന ഘടകം. കളിമണ്ണുകൊണ്ടു മെനഞ്ഞു വച്ചിരിക്കുന്ന കരുക്കളുടെ മീതെ അതേ ആകൃതിയിൽ മെഴുകുകൊണ്ടൊരു അടുക്ക്(Layer) കൂടി ഉണ്ടാക്കുന്നു. മെഴുകിടൽ എന്നാണ് ഇതിനു പറയുന്നത്. ഇത് വളരെ പ്രധാ‍നപ്പെട്ട ഘട്ടമാണ്. ഉണ്ടാക്കേണ്ട വസ്തുവിന്റെ കനവും(thickness) ചാരുതയും ഈ അടുക്കിനെ ആശ്രയിച്ചിരിക്കുന്നു. തേൻ‌മെഴുകിൽ 60% തെള്ളിപ്പശയും കുറച്ച് കൊട്ടെണ്ണയും (ശുദ്ധി ചെയ്യാത്ത ആവണക്കെണ്ണ) ചേർത്ത് ഉരുക്കി തുണിയിൽ അരിച്ചെടുത്ത് ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കും. തെള്ളിപ്പശ ചേർക്കുന്നത് അയവിനുവേണ്ടിയും കൊട്ടെണ്ണ ചേർക്കുന്നത് കയ്യിൽ ഒട്ടാതിരിക്കാനുമാണ്.

തയ്യാറാക്കി വച്ചിരിക്കുന്ന മെഴുകിൽ കുറച്ചെടുത്ത് കല്ലിൽ വച്ച് അടിച്ചുപരത്തി പാളികൾ ഉണ്ടാക്കുന്നു.

അടുത്തതായി മെഴുകുപാളികൾ ചെറിയ നാടകളായി മുറിച്ചെടുക്കുന്നു. ഉണ്ടാക്കാനുദ്ദേശിക്കുന്ന വസ്തുവിൽ ലോഹത്തിന്റെ കനം (thickness) എത്രയാണോ വേണ്ടത്, കൃത്യം അത്രതന്നെ കനമായിരിക്കും നാടയ്ക്ക്. ഉദാഹരണത്തിന് ഒരു വിളക്കിലെ ലോഹത്തിന് 2മില്ലീമീറ്റർ കനമാണ് വേണ്ടതെങ്കിൽ ഒട്ടിക്കുന്ന നാടയും 2 മില്ലിമീറ്റർ കനമുള്ളതായിരിക്കും. മണ്ണിൽ തയ്യാർ ചെയ്തുവച്ചിരിക്കുന്ന കരുക്കൾ കൂട്ടച്ചിൽ വച്ച് ആദ്യം ഈ മെഴുകുനാട ഒട്ടിക്കുന്നു (Arrow mark നോക്കുക).

ഈ നാടയ്ക്കു മീതേക്കൂടി മെഴുക് കട്ടിയിൽ പൊതിഞ്ഞശേഷം കടഞ്ഞ് ആകൃതി വരുത്തുന്നു. ( മെഴുകുനാടയ്ക്ക് കറുപ്പുനിറവും കടയുന്ന മെഴുകിന് മഞ്ഞനിറവുമായിരിക്കും).

മെഴുകും നേരത്തേ ഒട്ടിച്ച മെഴുകുനാടയും സമനിരപ്പിലെത്തുന്നതുവരെയാണ് കടയുന്നത്. ഇപ്പോൾ കരുവിനെ പൊതിഞ്ഞിരിക്കുന്ന മെഴുകിന്റെ അടുക്ക് കൃത്യം ആദ്യം ഒട്ടിച്ച നാടയുടെ അതേ കനത്തിലായിരിക്കും.

മെഴുകിടൽ പുർത്തിയായ വിളക്കു കരുക്കൾ:


ഇതുവരെ പറഞ്ഞത് വിളക്കുകളുടേയും പാത്രങ്ങളുടേയും കാര്യം. എന്നാൽ ശില്പങ്ങളുടെ കാര്യം വരുമ്പോൾ കൈവേലതന്നെ ചെയ്തേ പറ്റൂ. കലാചാതുര്യവും ഏകാഗ്രതയും ഭാവനയും ക്ഷമാശീലവും ഒത്തിണങ്ങിയ ഒരാൾക്കുമാത്രമേ ഇത് ചെയ്യാൻ സാധിക്കൂ. വെറും പരിശീലനം കൊണ്ടുമാത്രം സാധ്യമല്ലെന്നു സാരം. ഒരു ശില്പത്തിന്റെ അതിസൂക്ഷ്മമായ വിശദാംശങ്ങളടക്കം മുഴുവൻ ഭാഗങ്ങളും മെഴുകുകൊണ്ട് മെനഞ്ഞെടുക്കാൻ ദിവസങ്ങൾ തന്നെ വേണ്ടിവന്നേക്കും. വളരെ ലളിതമായ ചെറു‌ ഉപകരണങ്ങളാണ് ഇതിനു ഉപയോഗിക്കുന്നത്.


ഇത് മെഴുകിടൽ പൂർത്തിയാ‍യ മറ്റൊരു ശില്പം

അഞ്ചാം ഘട്ടം:
മെഴുകുപിടിപ്പിച്ച് തയ്യാറാക്കിയ കരുക്കൾക്കുമീതെ അരച്ച മണ്ണുകൊണ്ട് വീണ്ടുമൊരു അടുക്ക് ഉണ്ടാക്കുകയാണ് അടുത്തതായി ചെയ്യുന്നത്. വാർക്കമണ്ണ് ചാണകവും കൂട്ടി അമ്മിയിൽ വച്ച് വെണ്ണ പോലെ അരച്ചെടുക്കണം. “മെഴുകുമ്പുറത്തെ മണ്ണ്”, “മെഴുമണ്ണ്” എന്നൊക്കെയാണ് ഈ മണ്ണിനു പറയുന്നത്. വെണ്ണപോലെ അരയ്ക്കണം എന്നത് ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ്. കാരണം, ഉല്പന്നത്തിന്റെ ഉപരിതലത്തിന്റെ മിനുസം (നമ്മൾ പുറമേനിന്ന് കാണുന്ന ഭാഗം) അരച്ചമണ്ണിന്റെ ഈ അടുക്കിനെ അശ്രയിച്ചിരിക്കുന്നു. മണ്ണ് വേണ്ടവിധം അരഞ്ഞില്ലെങ്കിൽ ഉല്പന്നത്തിന്റെ ഉപരിതലവും പരുപരുത്തതായിത്തീരും.

മെഴുകിടൽ കഴിഞ്ഞ കരുക്കൾ അരച്ചമണ്ണുകൊണ്ട് പൊതിയുന്നു:

ഇങ്ങനെ തയ്യാറാക്കിയ ചില കരുക്കളാണ് താഴെ കാണുന്നത്:
അവസാന ഘട്ടം:
മെഴുമണ്ണ് പൊതിഞ്ഞുവച്ച കരുക്കളിൽ മണ്ണുകൊണ്ട് മൂന്നോ നാലോ അടുക്കുകൾ ഉണ്ടാക്കുകയാണ് കരുനിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ ചെയ്യുന്നത്. അദ്യത്തെ അടുക്കുകൾ യഥാക്രമം അരിച്ചമണ്ണ്, തരിമണ്ണ്(പൂയമണ്ണ് എന്നും പറയും) എന്നിവകൊണ്ട് ഉണ്ടാക്കുന്നു. അവസാനത്തെ അടുക്ക് കളിമണ്ണ്, വാർക്കമണ്ണ് എന്നിവയോടൊപ്പം ചാക്ക് പൊടിയായി അരിഞ്ഞത് കൂടി ചേർത്ത് കുഴച്ച മിശ്രിതം കൊണ്ടാണ് ഉണ്ടാക്കുന്നത്. കൂടുതൽ ഉറപ്പിനുവേണ്ടിയാണ് ചാക്ക് ചേർക്കുന്നത്.
കരുക്കളുടെ ഉള്ളിലുള്ള മെഴുക് ഉരുകിപുറത്തുപോകാൻ പാകത്തിലുള്ള ഒരു ദ്വാരം കൂടി ഇട്ട ശേഷമാണ് ഇപ്രകാരം മണ്ണ് പൊതിയൽ പൂർത്തിയാക്കുന്നത്.


മണ്ണുപൊതിയൽ അവസാനത്തെ ഘട്ടമാവുമ്പോഴേക്കും യഥാർത്ഥരൂപത്തിൽ നിന്ന് പാടേ വ്യത്യസ്തമായ മറ്റൊരു ആകൃതിയിലായിട്ടുണ്ടാവും മിക്ക കരുക്കളും.
ചുരുക്കത്തിൽ, പണി പൂർത്തിയായ ഒരു കരു എന്നു പറയുന്നത്, ഇരുപുറങ്ങളിലും യഥാക്രമം മിനുസമേറിയത്, മിനുസം കുറഞ്ഞത്, തരിമണ്ണ്, പരുക്കൻ മണ്ണ് എന്നിങ്ങനെ മണ്ണിന്റെ വിവിധ അടുക്കുകളുടെ സുരക്ഷിതകവചമുള്ള മെഴുകിന്റെ യഥാർത്ഥരൂപമാണെന്നു പറയാം.
ചില കരുക്കൾ: ആദ്യത്തേത് ദീപസ്തംഭത്തിന്റെ ഒരു തട്ടും രണ്ടാമത്തേത് പ്രഭാമണ്ഡലവുമാണ്.


പണി പൂർത്തിയായ കരുക്കൾ ഒരിടത്ത് കൂട്ടിയിട്ടിരിക്കുന്നു. ഇവയിൽ ഉരുളിയുടേയും, വിളക്കിന്റേയും, ദീപസ്തംഭത്തിന്റേയുമൊക്കെ കരുക്കൾ ഉണ്ട്.
[തുടരും...]

51 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

കരകൗശലത്തിന്റെ വിസ്മയക്കാഴ്ചകൾ......

മുല്ലപ്പൂ said...

വിസ്മയം തന്നെ . ഇത്ര വിശദമായി ഇതു ബ്ളൊഗ് ചെയ്യുന്നതിനു ഒരു ർന്നൊന്നര നന്ദി :)

Unknown said...

അടുത്ത പോസ്റ്റിനായി ആക്രാന്തത്തോടെ കാത്തിരിക്കുന്നു

Sandeepkalapurakkal said...

എന്റെ വീട്ടില്‍ നിന്നും കുറച്ചു ദൂരമേയുള്ളൂ ഇവിടേക്ക്, കൂട്ടുകാരന്‍ അവിടെ ജോലി ചെയ്യുന്നുമുണ്ട് എന്നിടു പോലും ഞാന്‍ ഇതു എങ്ങിനെ ചെയ്യുന്നു എന്നു കാണാന്‍ ശ്രമിക്കാത്തതില്‍ വിഷമിക്കുന്നു.

സജി said...

വിശദാശംങ്ങള്‍ ചോര്‍ന്നു പോകാതെ,ഭംഗിയായി എഴുതുന്നതു വളരെ രസകരമായിരിക്കുന്നു.

ഇതിലൊക്കെ കൌതുകം തോന്നുന്നതും, പോയിക്കാണുന്നതും, അതിലുപരി പങ്കുവയ്ക്കുന്നതും...അഭിനന്ദിക്കാതിരിക്കാന്‍ വയ്യ!

Jishad Cronic said...

ശരിക്കും ഒരു വിസ്മയക്കാഴ്ച തന്നെ.

Naushu said...

നന്ദി :)

krishnakumar513 said...

ഇത്രയും പരിശ്രമിച്ച് തയ്യാറാക്കിയ ഈ മികച്ച ഫോട്ടോ ഫീച്ചര്‍ ഒരു വലിയ അഭിനന്ദനം അര്‍ഹിക്കുന്നു.അഭിനന്ദനങ്ങള്‍ ബിന്ദു....

ഉണ്ടാപ്രി said...

തകര്‍പ്പന്‍ !!
ഒന്നാന്തരം വിവരണം. സൂപ്പര്‍ ഫോട്ടംസ്

Echmukutty said...

ഇത് കേമമായിട്ടുണ്ട്.
ആദ്യമായിട്ടാണിവിടെ
ഇനീം വരാം.
പടങ്ങൾ വളരെ ഇഷ്ടപ്പെട്ടു.

Faisal Alimuth said...

കാഴ്ച്ചയുടെ വിസ്മയാത്തിനപ്പുറം അത് പകര്‍ന്നുതന്നരീതിയെ അഭിനന്ദിക്കുന്നു..!!
വിശദമായ വിവരണം..!
അതിമനോഹരമായ ചിത്രങ്ങള്‍..!!

Faisal Mohammed said...

ബിന്ദൂ ജി, ഫീച്ചര്‍ കൊതിപ്പിക്കുന്നു, അപ്പോള്‍ അങ്ങനെയാണല്ലേ ഇതുണ്ടാക്കുന്നത് ! നന്ദി.

സുജനിക said...

ggod job SK

ശ്രീ said...

വളരെ വിശദമായ ലേഖനമാണല്ലോ ചേച്ചീ...

നല്ല ഉദ്യമം തന്നെ, അഭിനന്ദനങ്ങള്‍!

Unknown said...
This comment has been removed by the author.
Unknown said...

നാട്ടില്‍ അടുത്ത് ഒരുപാട് മൂശാരിമാര്‍ (അങ്ങനെയാണ് ഓട്ടു പണി ചെയ്യുന്നവരെ വിളിക്കുന്നത്‌) ഉണ്ടായിരുന്നതുകൊണ്ട് ഈ കാര്യങ്ങളൊക്കെ ഏകദേശം അറിയാമായിരുന്നു. ഈ documentation വളരെ ഉപകാരപ്രദമാണ്. ഇപ്പൊ കുറെ ഒക്കെ mechanised ആയോ ഇതൊക്കെ? വിളക്കുകള്‍ക്കൊന്നും പഴയ ഭംഗി ഇല്ല.. കഴിഞ്ഞ പ്രാവശ്യം വാങ്ങിയിട്ട് ചോരാനും തുടങ്ങി. പിന്നെ മാറ്റി വാങ്ങി എന്നാ പറഞ്ഞെ. ആശംസകള്‍..

Ashly said...

സൂപ്പര്‍ പോസ്റ്റ്‌ !!! ബാകി ഭാഗംവരാന്‍ കാത്തിരിയ്ക്കുന്നു. നല്ല വിവിരണം !!!!

ബഷീർ said...

ഇൻ‌ഫോർമാറ്റീവായ പോസ്റ്റ്.
വളരെ നന്നായി വിശദമായി വിവരിച്ചിരിക്കുന്നു. നന്ദി

Kaithamullu said...

ബിന്ദൂ‍,

ശ്രദ്ധേയമായ ബ്ലോഗുകളില്‍ ഒന്നാണ് ബിന്ദുവിന്ടേത് എന്ന് പറയാതിരിക്കാന്‍ വയ്യ!(പറയാനും വയ്യ, പറയാതിരിക്കാ‍നും : അടുത്തറിയുന്നതിന്റെ പ്രശ്നങ്ങളേയ്.....)

-എഴുതുന്നതെന്തായാലും( പാചകക്കുറിപ്പോ ഓര്‍മ്മക്കുറിപ്പോ ഫോട്ടോ ബ്ലോഗോ)വായനക്കാര്‍ക്ക് അതൊരനുഭവമാക്കുന്നതിന്റെ ഈ കൈയടക്കം പ്രശംസനീയം തന്നെ.

( ഈ പട്ടികയില്‍ പെടുത്താവുന്ന, പെട്ടെന്ന് ഓര്‍മ്മ വരുന്ന,രണ്ട് പേരുകള്‍:: അപ്പു((ഷിബു) & നിരക്ഷരന്‍(മനോജ്)

നടവരമ്പ് കൃഷ്ണ ബ്രദേഴ്സ് (ഇപ്പോള്‍ ബെല്‍ മെറ്റല്‍ വര്‍ക്കേഴ്സും ) ഞങ്ങളുടെ അടുത്താണെന്നതലിമുപരി എന്റെ സ്കൂള്‍ മേയ്റ്റ് ദാമുവിന്റെ അയല്പക്കം (തൃപ്പയ്യ ത്രിമൂര്‍ത്തി ക്ഷേത്രത്തിന്റെ അടുത്ത വീട്)കൂടിയായതിനാല്‍ അവിടെ നിത്യേനയെന്നവണ്ണം പോകാറുണ്ട്.(പിന്നെ പോകാറുള്ളത് വിറക് തൂ‍ക്കിക്കൊടുത്ത് പൈസ വാങ്ങാനാണ്)
-പക്ഷെ ബിന്ദു ഇവിടെ വിവരിക്കുന്നതൊക്കെ പുതിയ അറിവാണെനിക്ക്.

താങ്ക്യൂ‍, ബിന്ദു.
അടുത്ത‘ഇന്‍സ്റ്റാല്‍മെന്റി‘നായി കാത്തിരിക്കുന്നു.

poor-me/പാവം-ഞാന്‍ said...

Thank you for this deatailed discription that too with supporting visuals...eagerly awaiting for brkng the cast...

yousufpa said...

വെങ്കല മാഹാത്മ്യം നന്നായിരിക്കുന്നു.

രസികന്‍ said...

ബിന്ദുജീ:- ചിത്രങ്ങളും അതിലുപരി വിവരണങ്ങളും വളരെ നന്നായിരുന്നു .. ആശംസകള്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

Absolutely superb Bindhu,

കാണുക മാത്രമല്ല, അറിയുകയും അറിയിക്കുകയും ചെയ്യുക എന്നത് ഒരു നല്ല കഴിവാണ്..അതു നന്നായി ചെയ്തിരിക്കുന്നു..ലളിതമായി, എന്നാല്‍ വിശദമായി അതിലേറെ മനോഹരമായി...

മറയൂരില്‍ നിന്നു നടവരമ്പിലേക്കുള്ള മാറ്റം ഭംഗിയായി

ആശംസകള്‍

Suraj said...

ഫോട്ടോ ജേണൽ കലക്കി !!

jayanEvoor said...

ഗംഭീര പോസ്റ്റ്.ബാക്കി പോരട്ടെ.
അഭിനന്ദങ്ങൾ!

പിരിക്കുട്ടി said...

മാസത്തിലൊരിക്കല്‍ എങ്കിലും ബസില്‍ പോകുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കുന്ന സ്ഥലം ആണിത് ....
ആ കട കണ്ണിനു ഒരു നല്ല സുഖം പകരുന്ന കാഴ്ചയാണ് അവിടെ നിന്ന് എന്തെങ്കിലും വാങ്ങണം എന്നാ ആഗ്രഹം അല്ലാതെ നിര്‍മ്മാണ പ്രക്രിയയില്‍ എനിക്കത്ര താല്പര്യം തോന്ന്യിട്ടില്ല ഈ ബിന്ദുചേച്ചി ഓരോന്ന് ഇടുമ്പോളാണ് ഇതിങ്ങനെ ഒക്കെ ആണ് ഉണ്ടാക്കുന്നത്‌ എന്നറിയുന്നത് ....എന്തായാലും നന്ദി അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു പോത്തിന്റെ പുറത്തിരിക്കുന്ന ഗോഡ് ആരാണ് ചേച്ചി ? ഞാന്‍ കണ്ടിട്ടില്ലല്ലോ ?

അനില്‍@ബ്ലോഗ് // anil said...

വിശദമായ കുറിപ്പിന് നന്ദി, ബിന്ദു.
അടുത്തത് പോരട്ടെ.

Kaithamullu said...

പിരീ‍,
സാക്ഷാല്‍ “വിഷ്ണുമായ“ ചാത്തന്‍!!

ബിന്ദു കെ പി said...

@ കൈതമുള്ള്: ശശിയേട്ടാ, ഇതെനിക്കും പുതിയ അറിവാണുകേട്ടോ. അന്ന് അവിടെവച്ച് അവരോട് ചോദിക്കാൻ മറന്നുപോയി. പിന്നെ ഞാൻ വിചാരിച്ചത് മറ്റേ കക്ഷിയായിരിക്കുമെന്നാ..... യേത്...?...അവസാനം നമ്മളെയൊക്കെ കയറിട്ടു പിടിക്കാൻ പോത്തിന്റെ പുറത്തു വരുന്ന പാർട്ടിയേയ്.. :) :) ശ്ശോ, ഇങ്ങേരുടെ വെങ്കലപ്രതിമയൊക്കെ ഉണ്ടാക്കി സൂക്ഷിക്കാൻ മാത്രം ചങ്കുറപ്പുള്ളവരാരാണപ്പാ എന്നു വിചാരിക്കുകയായിരുന്നു. :) :)

ബിന്ദു കെ പി said...

അഭിപ്രായമറിയിച്ച എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി..

wayanadan said...

shashiyettaniloode venkalathe kurichu arinju.
oru puthiya lokhathinte vismaya lokham
kandathupole

പകല്‍കിനാവന്‍ | daYdreaMer said...

വളരെ നന്നായി ബിന്ദു. നന്ദി

Thaikaden said...

Very good.

പാര്‍ത്ഥന്‍ said...

വെങ്കലം സിനിമയിൽ മൂശയിൽ ഓട് ഉരുക്കിയൊഴിക്കുന്നതൊഴിച്ചാൽ അധികപേർക്കും കാണാൻ കിട്ടാത്ത തലങ്ങൾ പരിചയപ്പെടുത്തി. വീട്ടിലെ ഉരുളി പൊട്ടിയപ്പോൾ അത് ഉരുക്കി വാർക്കാൻ (ഓട് വാർക്കുന്നവരെ മൂശാരി എന്ന തൊഴിൽ ജാതിപ്പേരിൽ നാട്ടിൽ പറയാറുണ്ട്.)വന്നയാൾ ഈ വിവരണം തന്നിരുന്നു. ആ സമയത്ത് അതൊന്നു പോയി കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ കണ്ടതുപോലെയായി.
അഭിനന്ദനങ്ങൾ!!!

പാര്‍ത്ഥന്‍ said...

വെങ്കലം സിനിമയിൽ മൂശയിൽ ഓട് ഉരുക്കിയൊഴിക്കുന്നതൊഴിച്ചാൽ അധികപേർക്കും കാണാൻ കിട്ടാത്ത തലങ്ങൾ പരിചയപ്പെടുത്തി. വീട്ടിലെ ഉരുളി പൊട്ടിയപ്പോൾ അത് ഉരുക്കി വാർക്കാൻ (ഓട് വാർക്കുന്നവരെ മൂശാരി എന്ന തൊഴിൽ ജാതിപ്പേരിൽ നാട്ടിൽ പറയാറുണ്ട്.)വന്നയാൾ ഈ വിവരണം തന്നിരുന്നു. ആ സമയത്ത് അതൊന്നു പോയി കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ കണ്ടതുപോലെയായി.
അഭിനന്ദനങ്ങൾ!!!

nandakumar said...

നല്ല വിവരണം
ഞാനും അവിടെ പോയി നേരിട്ടു കണ്ടിട്ടുണ്ട്. എന്റെ ഒന്ന് രണ്ടു സുഹൃത്തുക്കള്‍ അവിടെ ജോലി ചെയ്തിരുന്നു

പിന്നേ, എന്റെ നാടിനടുത്താട്ടാ ഈ സ്ഥലം. അയല്‍വക്കത്ത് :)

മണിഷാരത്ത്‌ said...

ഇത്ര അദ്ധ്വാനം ഈ കലയുടെ പിന്നിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി.ചിത്രവും വിവരണവും ആയപ്പോള്‍ നല്ല വിജ്ഞാന പ്രദമായി.രണ്ടാം ഭാഗവും പ്രതീക്ഷിച്ച്‌....

രാജേഷ് പയനിങ്ങൽ said...

Wow...ഇത്രയും ഡീറ്റയിൽ ആയി ഒരു വിവരണം തന്നതിനു നന്ദി.. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ടെക്നോളജി ആണ് ഇത്..പക്ഷേ പാരമ്പര്യമായി കൈമാറി വരുന്നതായതിനാൽ അധികം ഫോട്ടോസൊന്നും സെർച്ച് ചെയ്താൽ കിട്ടില്ല..ഈ പോസ്റ്റ് നല്ല ഒരു റെഫറൻസ് ആയിരിക്കും..

(ഈ ടെക്നോളജി തന്നെ ഒരു മോഡേണൈസ്ഡ് രീതിയിൽ ഇന്നു തിരിചുവരവിന്റെ പാതയിലാണ്. ഇൻ വെസ്റ്റ്മെന്റ് കാസ്റ്റിംഗ്ഗ് എന്നാണ് പറയുക.എയറോസ്പേയ്സ് കോം പോണന്റ്സ് തുടങ്ങിയ ഉയർന്ന ഊഷ്മാവിൽ ഉപയോഗിക്കുന്ന ടൈറ്റാനിയം പാർട്ട്സ് ഒക്കെ ഈ രീതിയിൽ ആണ് നിർമ്മിക്കുന്നത്..
http://en.wikipedia.org/wiki/Investment_casting
http://www.aerospace-technology.com/contractors/sub_contract/tital/)

ശ്രീനാഥന്‍ said...

നല്ല ഗൃഹപാഠം ചെയ്ത് നല്ല ഭാഷയിൽ വിശദാംശങ്ങളിൽ വരെ ശ്രദ്ധിച്ചു ചെയ്തു, ഉപകാരപ്രദം, അഭിനന്ദനം, നന്ദി.

Thommy said...

വളരെ നന്നായിരിക്കുന്നു

paarppidam said...

വളരെ നന്നായിരിക്കുന്നു. എത്ര അധ്വാനം ആണ് ഇതിനു വേണ്ടതെന്ന് പലർക്കും അറിയില്ല. ഒരു നിമിഷം ശ്രദ്ധ തെറ്റിയാൽ മതി അച്ചിലൊഴിക്കാൻ ഉരുകിയത് ശരീരത്തെ ഉരുക്കും.

saju john said...

Amazing Post.....

Waiting more to read and feel.

Unknown said...
This comment has been removed by the author.
Unknown said...

വെങ്കലതെ പറ്റി ഇത്രേം നല്ല ഒരു വിവരണം തന്നതിന് ഒത്തിരി നന്ദി.
പിന്നെ ഈ ഇരിഞാലക്കുടയിലെ റാണാവിലുള്ള രണ്ടു പ്രശസ്തമായ വെങ്കല കടകള്‍ കണ്ടിട്ടില്ലേ..?
ആരും നോക്കി നിന്ന് പോകും തിളക്കമാര്‍ന ആ പ്രതിമകളും വിളക്കുകളും.

Manikandan said...

എത്രയോ തവണ നടവരമ്പിലൂടെ പോയിരിക്കുന്നു. അമ്പലത്തിലേയ്ക്കും, ഭരദേവതാ ക്ഷേത്രത്തിലേയ്ക്കും വേണ്ട ഉരുളിയും വിളക്കുകളും വാങ്ങിയിട്ടും ഉണ്ട്. പക്ഷേ ഒരിക്കലും ഇതെല്ലാം വാര്‍ത്തെടുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല. ഭഗവതിയുടേയും വിഷ്ണുമായയുടേയും ശില്പങ്ങളും ഇങ്ങനെ തന്നെ ഉണ്ടാക്കുന്നതാണെന്നത് പുതിയ അറിവായി. ഇത്രയും മനോഹരമായി ഇതെഴുതിയതിന് നന്ദി. ഇതിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരികുന്നു.

ശ്രീനാഥന്‍ said...
This comment has been removed by the author.
അങ്കിള്‍ said...

:)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ഹരീഷ് തൊടുപുഴ said...

ആഹാ..
ചേച്ചീ..
നല്ല ഉദ്യമം..!!

the man to walk with said...

good effort ..
best wishes

Shyamkumar Murickumthanathu Pillai said...

good work,you did a lot of homework to achive this

Prashanth kizhakkedan said...

Good work.... keep it up

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP