Monday, April 9, 2012

ചേന്ദമംഗലം കൈത്തറിയുടെ ഊടും പാവും (ഭാഗം രണ്ട്)

ഭാഗം ഒന്ന് ഇവിടെ വായിക്കുക.
----------------------------------------------------------------------------------------------
നൂൽ ചുറ്റൽ (Bobin winding)
ഒരു വസ്ത്രത്തിൽ, നീളത്തിൽ പാകിയിരിക്കുന്ന നൂലിനെ പാവ് എന്നും, വീതിയിൽ പാകിയിരിക്കുന്ന നൂലിനെ ഊട് എന്നും പറയുന്നു.

ചീയിച്ച്, കഴുകിയുണക്കി എടുത്ത നൂൽക്കഴികളിൽ നിന്ന് ഊടും പാവും വെവ്വേറെ ചുറ്റിയെടുക്കുക  എന്നതാണ് അടുത്ത ഘട്ടം. ചർക്ക ഉപയോഗിച്ച് പരമ്പരാഗത രീതിയിലാണ് ഇതു ചെയ്യുന്നത്.

താഴെ കാണുന്നതാണ് ചർക്ക:
ഇടതുവശത്തായി നൂൽക്കഴി വയ്ക്കാനുള്ള ചക്രവും, നൂലിഴയെ ചുറ്റിയെടുക്കാനായി, വലതുവശത്തുള്ള കൈപ്പിടിയോടുകൂടിയ ചക്രവുമാണ് ചർക്കയുടെ പ്രധാന ഭാഗങ്ങൾ. കൈപ്പിടി തിരിച്ചാണ് നൂൽ ചുറ്റുന്നത്.
ചർക്കയുടെ ഇടതുവശത്തുള്ള ചക്രത്തിൽ നൂൽക്കഴി വിടർത്തി വച്ച്....
വലതുവശത്തുള്ള ചക്രം   കൈകൊണ്ട് തിരിച്ച്......
എരട്(Bobin) എന്നു വിളിക്കുന്ന കുഴലിലേക്ക് നൂലു ചുറ്റിയെടുക്കുന്നു.
ലളിതമെങ്കിലും, ഏറെ സമയമാവശ്യമായ, മിനക്കെട്ട ഒരു പണിയാണ് നൂൽ ചുറ്റൽ. നെയ്ത്തുകാരുടെ വീടുകളിൽ  പ്രായം ചെന്നവരും സ്ത്രീകളുമുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ  ഈ പണിയിൽ പ്രധാന നെയ്ത്തുകാരനെ സഹായിക്കാറുണ്ട്. വീട്ടുപണിയുടെ ഇടവേളകളിലാണ് സ്ത്രീകൾ ഇതിനിരിക്കുന്നത്. പണ്ടുകാലത്ത് കുട്ടികളും നൂലുചുറ്റാൻ കൂടിയിരുന്നത്രേ.
ചെറിയ കുഴലുകളിലാണ് ഊടിനുള്ള നൂൽ ചുറ്റിയെടുക്കുന്നതെങ്കിൽ, പാവിനുള്ളതാകട്ടെ, താരതമ്യേന വലിയ കുഴലുകളിലാണ് ചുറ്റുക.
നൂൽ ചുറ്റൽ ഫാക്ടറിയിൽ:
ഡയിങ്ങ് യൂണിറ്റിലെ ബോയിലറിൽ പുഴുങ്ങിയെടുത്ത്, ബ്ലീച്ച് ചെയ്തതോ,ചായം മുക്കിയതോ ആയ നൂൽക്കെട്ടുകൾ ഒന്നിച്ച് ഫാക്ടറിയുടെ നെയ്ത്തുശാലയിൽ എത്തപ്പെടുന്നു.
അടുത്ത ഘട്ടമായ നൂൽചുറ്റൽ എന്ന പ്രക്രിയ യന്ത്ര സഹായത്തോടെയാണ്  ചെയ്യുന്നത്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ബോബിനുകളിൽ നൂൽ  ചുറ്റിയെടുക്കാൻ സാധിക്കുന്നു എന്നതാണിതിന്റെ മെച്ചം. ചർക്കയുടെ അതേ പ്രവർത്തനതത്വം അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുള്ള ഒരു യന്ത്രവത്കൃത ചർക്കയാണ് ഇവിടെ കാണായത്. 20 പേരുടെ പണി ഒറ്റയടിക്ക് ചെയ്യാൻ കഴിവുള്ള യന്ത്രമാണിത്. ഇരു വശങ്ങളിലുമായി  ഇരുപത് നൂൽക്കഴികൾ വയ്ക്കാനുള്ള ചക്രങ്ങളും, അവയിൽ നിന്ന് 20 ബോബിനുകളിലേക്ക് നൂൽ ചുറ്റിയെടുക്കാനുമുള്ള സംവിധാനമാണ് ഇതിനുള്ളത്.
ചക്രങ്ങളിൽ നൂൽ വിടർത്തി വയ്ക്കുന്നു....
യന്ത്രം പ്രവർത്തിപ്പിക്കുമ്പോൾ എല്ലാ ചക്രങ്ങളും ഒരുമിച്ച് കറങ്ങുന്നു...
ഒപ്പം, താഴെയായി ഉറപ്പിച്ചിട്ടുള്ള ബോബിനുകളിലേക്ക് അതാത് ചക്രങ്ങളിൽ നിന്ന്  നൂൽ വന്നു ചുറ്റുകയും ചെയ്യുന്നു.
നൂൽ ചുറ്റൽ പൂർത്തിയായ ബോബിനുകൾ:
ഒരു ബോബിനിൽ 8000 മുതൽ 10000 മീറ്റർ വരെ നൂലുണ്ടാവും.

പാവു നൂൽ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. ഊടുനൂൽ ഇവിടെയും ചർക്ക ഉപയോഗിച്ച് ചെറിയ ഉണ്ടകളായി ചുറ്റിയെടുക്കുകയാണ് ചെയ്യുക.
പാവോട്ടം (Warping)
ചർക്കയിൽ ചുറ്റിയെടുത്ത ഊടുനൂൽ നേരെ നെയ്ത്തിനായി എടുമ്പോൾ പാവുനൂൽ പിന്നെയും ചില പ്രക്രിയകൾക്ക് വിധേയമാക്കപ്പെടുന്നു.

നെയ്യാനുദ്ദേശിക്കുന്ന മുണ്ടിന്റെ വീതിയും നീളവുമനുസരിച്ച് വേണ്ടുന്ന, കൃത്യ എണ്ണത്തിലും നീളത്തിലുമുള്ള നൂലിഴകൾ തയ്യാറാക്കുക എന്നതിനാണ് പാവോട്ടം എന്നു പറയുന്നത്. ഇതിനായി, ബോബിനുകളിൽ ചുറ്റിവച്ച നൂലിഴകളെ  പ്രത്യേക രീതിയിൽ ഒന്നിച്ചുകൂട്ടി ചുറ്റിയെടുക്കുന്നു.

പാവോട്ടത്തിന്റെ രണ്ടു പ്രധാന ഘട്ടങ്ങളാണ് താഴെ കാണുന്നത്.  എല്ലാ നെയ്ത്തുകാർക്കും ഈ ഉപകരണം സ്വന്തമായി ഉണ്ടാവണമെന്നില്ല. ഇല്ലാത്തവർ പാവുനൂലു ചുറ്റിയെടുത്ത ബോബിനുകൾ ഫാക്ടറിയിൽ കൊണ്ടുപോയി പാവോട്ടം നടത്തിയെടുക്കുകയാണ് ചെയ്യുന്നത്. പല വീടുകൾ കയറിയിറങ്ങിയ ശേഷമാണ് സ്വന്തമായി പാവോട്ടം നടത്തുന്ന ഒരു വീട് ഞാൻ കണ്ടെത്തിയത്.
വീടിനു പുറത്തൊരു ഷെഡിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ബോബിനുകൾ ഉറപ്പിക്കാനുള്ള ഒരു സ്റ്റാന്റും, നൂലു ചുറ്റാനുള്ള വലിയൊരു ചട്ടക്കൂട്ടുമാണ് ഉള്ളത്.

കൂടുതലെന്തെങ്കിലും വിശദീകരിച്ചു തരാനായി ആരും അപ്പോൾ അവിടെ  ഇല്ലാതിരുന്നതുകൊണ്ട് ഫാക്ടറിയിൽ പോയിട്ടാണ് പാവോട്ടത്തെപ്പറ്റി വിശദമായി മനസ്സിലാക്കാനായത്.

പാവോട്ടത്തിനുള്ള, നാലു വശങ്ങളുള്ള ചട്ടക്കൂടാണ് താഴെ കാണുന്നത്. നടുക്കുള്ള കുറ്റി മാത്രമാണ് നിലത്ത് ഉറപ്പിച്ചിരിക്കുന്നത്. ചട്ടക്കൂടിനെ കറക്കാനുള്ള  അച്ചുതണ്ടായി ഈ കുറ്റി പ്രവർത്തിക്കുന്നു.
നൂൽ ചുറ്റൽ പൂർത്തിയായ ബോബിനുകൾ നിരത്തിവയ്ക്കാനുള്ള ഫ്രെയിമാണ് ഇത്.
നിരവധി ചെറു ദ്വാരങ്ങളുള്ള പലകയാണ് താഴെ കാണുന്നത്. ഫ്രെയിമിൽ വച്ചിട്ടുള്ള ബോബിനുകളിൽ  നിന്നും ഒരോ ഇഴവീതം ഈ പലകയിലെ ഓരോ ദ്വാരങ്ങളിലൂടെയും കോർത്തെടുക്കുന്നു. എല്ലാ ദ്വാരങ്ങളും എല്ലായ്പ്പോഴും ഉപയോഗിക്കണമെന്നില്ല. പാവിൽ എത്ര ഇഴകളാണോ വേണ്ടത്, അതിനാവശ്യമായ ഇഴകൾ മാത്രമേ കോർക്കൂ.
 ദ്വാരങ്ങളിലൂടെ നൂലിഴകൾ കയറിയിറങ്ങുന്നത് ചിത്രം സൂക്ഷിച്ചുനോക്കിയാൽ കാണാവുന്നതാണ്. ഓരോ ഇഴയും ഒന്നിനൊന്ന് തൊടാതെയാണ് ഈ ദ്വാരങ്ങളിലൂടെ കയറിയിറങ്ങുന്നത്. നൂൽ കെട്ടുപിണയാതിരിക്കാൻ മാത്രമല്ല, ഓരോ ഇഴയും സൂക്ഷ്മമായി പരിശോധിക്കാനും ഇത് സഹായകരമാകുന്നു.

അടുത്തതായി, ദ്വാരങ്ങളിലൂടെ കയറിയിറങ്ങിയ നൂലിഴകൾ ഒന്നിച്ചുകൂട്ടി, ചട്ടക്കൂടിന്മേൽ വൃത്തിയായി ചുറ്റിയെടുക്കുന്നു.

കാവിമുണ്ടുകൾക്ക് വേണ്ടിയുള്ള പാവോട്ടമാണ് ചിത്രങ്ങളിൽ കാണുന്നത്. ഓരോ മുണ്ടുകൾക്കും അനുയോജ്യമായ കൃത്യമായ കണക്കിലാണ് പാവ് ചുറ്റിയെടുക്കുന്നത്. കണക്കിന്റെ ഏകദേശ രൂപം ഉങ്ങനെ:

കാവിമുണ്ടിന്റെ പാവിൽ ഏകദേശം 3700 ഇഴകളാണ് വേണ്ടത്. അതിനായി 75 ബോബിനുകളിൽ നിന്നായി 75 ഇഴകൾ നേരത്തേ പറഞ്ഞ ചെറുദ്വാരങ്ങളിലൂടെ കോർത്തെടുത്ത് ഈ ചട്ടക്കൂടിന്മേൽ ചുറ്റാൻ തുടങ്ങും. ഒരു വട്ടം പൂർത്തിയായാൽ 75 ഇഴയായി. അടുത്ത ചുറ്റിൽ 150. ഇങ്ങനെ 75-ന്റെ ഗുണിതങ്ങളായി ഇഴകൾ കൂടിക്കൂടിവന്ന്  മുവ്വായിരത്തി എഴുന്നൂറോളം ഇഴകളാവുന്നതുവരെ ചുറ്റൽ തുടരും. ചട്ടക്കൂടിന്റെ താഴെനിന്ന് മുകളിൽ വരെ പാവുനൂൽ ഇങ്ങനെ ചുറ്റിയെടുക്കും.  മൊത്തം 38 ചുറ്റുകൾ ഉണ്ടാവും. ഒരു ചുറ്റ് 4 മീറ്റർ. അങ്ങനെ 3700 ഇഴകളും 152 മീറ്റർ(38x4=152) നീളവുമുള്ള പാവ് തയ്യാറാവുന്നു.  150 മീറ്റർ നീളമുള്ള പാവിൽ നിന്ന് 70മുതൽ 80 വരെ മുണ്ടുകൾ നെയ്തെടുക്കാൻ സാധിക്കും.

ഓരോ മുണ്ടിന്റേയും നീളവും വീതിയുമനുസരിച്ച് ഈ കണക്കിൽ വ്യത്യാസമുണ്ടാവും.
സെറ്റ് മുണ്ടിന്റേയും ഡബിൾ/സിംഗിൾ മുണ്ടിന്റേയുമൊക്കെ പാവിൽ നാലായിരത്തി അഞ്ഞൂറോളം ഇഴകൾ ഉണ്ടാവും.  110 മുതൽ 150 മീറ്റർ വരെയായിരിക്കും പാവിന്റെ നീളം. ഇതിൽ നിന്ന് 50-60 മുണ്ടുകൾ വരെ ലഭിക്കും. ഡബിൾ മുണ്ടുകളാണെങ്കിൽ സ്വാഭാവികമായും ഇതിന്റെ പകുതി എണ്ണമേ ലഭിക്കൂ.
തോർത്തുമുണ്ടിന്റെ പാവിലാകട്ടെ, 450-460 ഇഴകളാ‍യിരിക്കും ഉണ്ടാവുക.

പാവോട്ടം കഴിഞ്ഞാൽ ചട്ടക്കൂടിൽനിന്ന് പാവ് പതുക്കെ അഴിച്ചിറക്കും. ഇത് വട്ടത്തിൽ ചുറ്റിവയ്ക്കും.
പാവോട്ടം കഴിഞ്ഞ്  ചുറ്റിവച്ച പാവ്:

                                                                                              [തുടരും.....]

8 പ്രതികരണങ്ങള്‍:

Unknown said...

Well documented :-)

ആശംസകൾ!!!

Pheonix said...

ഈ വിഷയത്തില്‍ നല്ല അറിവ് പകരുന്നതായി ഈ പോസ്റ്റ്‌. നന്നായിട്ടോ. ചേച്ചിക്ക് ആശംസകള്‍.

ബൈജു സുല്‍ത്താന്‍ said...

ഇതൊന്നും ഇത്ര അടുത്തറിയാൻ ഇതുവരെ സാധിച്ചില്ല. ഈ വിവരങ്ങൾക്ക് നന്ദി.

ബഷീർ said...

വളരെ നന്നായി വിവരിച്ചിരിക്കുന്നു. പഠനാര്‍ഹമായ പോസ്റ്റ്... നന്ദി

Mohammed Jamal said...

ആശംസകള്‍....

Typist | എഴുത്തുകാരി said...

കുറേ ബുദ്ധിമുട്ടി ചെയ്തിട്ടുള്ളൊരു പോസ്റ്റ്. നന്നായിരിക്കുന്നു ബിന്ദു.

ഒരു പുതിയ മുണ്ട് വാങ്ങി അതുടൂക്കുമ്പോൾ അതിന്റെ ഭംഗി മാത്രമാണ് നോക്കുന്നതു്. അതിന്റെ പുറകിലുള്ള അദ്ധ്വാനം ആരോർക്കുന്നു!

ശ്രീനാഥന്‍ said...

ഈ പരിപാടി സ്വന്തമായി തുടങ്ങാൻ കഴിയുന്നത്ര ടെക്നിക്കൽ നോ ഹൌ ഉൾക്കൊള്ളിച്ചിരിക്കുന്നല്ലോ, നന്നായി

Manikandan said...

നന്ദി :)

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP