Thursday, May 24, 2012

ചേന്ദമംഗലം കൈത്തറിയുടെ ഊടും പാവും (അവസാന ഭാഗം)

ഒന്നാം ഭാഗം ഇവിടെ വായിക്കുക
രണ്ടാം ഭാഗം ഇവിടെ വായിക്കുക
മൂന്നാം ഭാഗം ഇവിടെ വായിക്കുക
-----------------------------------------------------------------------------------------------------------
തറിയും നെയ്ത്തും
ഉണക്കൽ കഴിഞ്ഞ് ചുരുട്ടിയെടുത്ത പാവ് നെയ്ത്തിനായി തറിയിൽ ഉറപ്പിക്കുകയാണ് അടുത്തതായി ചെയ്യുന്നത്.
തറിയുടെ ചിത്രമാണ് താഴെ കാണുന്നത്:
പാവുനൂലിന്റെ ചുരുൾ തറിയുടെ പിൻഭാഗത്തായി ഇപ്രകാരം ഉറപ്പിക്കുന്നു:
ഉറപ്പിച്ചശേഷം നൂലിന്റെ അറ്റം മുകൾഭാഗത്തുകൂടെ മുമ്പോട്ടു നീട്ടിയെടുക്കും.
തറിയുടെ മുൻഭാഗത്തുള്ള, റെക്ക(healds) എന്നു വിളിക്കുന്ന ഭാഗത്തേക്കാണ് ഈ നൂൽ എത്തപ്പെടുന്നത്. തറി പ്രവർത്തിപ്പിക്കുന്നതിനനുസരിച്ച് പൊങ്ങാനും താഴാനും കഴിയുന്ന വിധത്തിലാണ് റെക്കയുടെ ഘടന. കാഴ്ചയിൽ എതാണ്ടൊരു ചീപ്പിനു(comb) സമാനമായ റെക്കയിൽ നൂലുകൊണ്ടുണ്ടാക്കിയ നിരവധി “പല്ലു”കളുണ്ട്.  ഈ “പല്ലു”കൾക്കിടയിലുള്ള സൂക്ഷ്മമായ വിടവുകളിലൂടെ പാവുനൂലിന്റെ ഇഴകൾ ഓരോന്നായി കോർത്തെടുക്കേണ്ടതുണ്ട്. സാധാരണയായി ഒരു തറിയിൽ മൊത്തം നാലു റെക്കകൾ ഉണ്ടാവും. നാലു റെക്കയിലുമുള്ള വിടവുകളിലൂടെ ഒന്നിടവിട്ട രീതിയിലാണ് ഇഴകളത്രയും കോർത്തെടുക്കുക. ഓരോ നൂലിഴയും സൂക്ഷ്മമായി പരിശോധിക്കുവാനും, ഇഴകൾ പരസ്പരം കെട്ടുപിണഞ്ഞ് പൊട്ടിപ്പോകാതിരിക്കുവാനും, ഇഴകൾക്ക് നെയ്ത്തിനാവശ്യമായ മുറുക്കവും ദൃഢതയും ഉണ്ടാകുവാനും റെക്കകൾ സഹായിക്കുന്നു.ഒരു സെറ്റുമുണ്ടിന്റെ പാവിൽ 4500 ഇഴകളാണുണ്ടാവുകയെന്ന് നേരത്തേ പറഞ്ഞുവല്ലോ. അപ്പോൾ  സെറ്റുമുണ്ടു നെയ്യാനുള്ള തറിയിൽ നാലു റെക്കയിലും കൂടി 4500 ഇഴകൾ ഉണ്ടാവും. ഇഴകൾ മുഴുവനും കോർത്തെടുക്കാൻ ഏതാണ്ട് ആറു മണിക്കൂറോളം സമയമെടുക്കും.  നെയ്തു കഴിഞ്ഞ്  പുതിയ പാവുചുരുൾ ഉറപ്പിക്കുമ്പോൾ ഓരോ പ്രാവശ്യവും ഈ പ്രക്രിയ ആവർത്തിക്കേണ്ട ആവശ്യമില്ല. അതിനുപകരം റെക്കയിലുള്ള പഴയ നൂലിഴകളുടെ അറ്റവും പുതിയ ഇഴകളും തമ്മിൽ കൈകൊണ്ട് ഞെരടി യോജിപ്പിക്കുകയാണ് ചെയ്യുക. വെൽഡിങ്(welding) എന്നാണ് ഇതിനു പറയുന്നത്. തറിയിൽ നിലവിലുള്ള റെക്ക ഉപയോഗശൂന്യമാവുന്നതു വരെ ഇതു തുടരും. അതു കഴിഞ്ഞാൽ പുതിയ റെക്കകൾ ഘടിപ്പിച്ച് മേൽ പറഞ്ഞരീതിയിൽ നൂൽ കോർത്തെടുക്കും.
റെക്ക:
ഊടുനൂൽ ഇതിനോടകം നെയ്ത്തിനായി ഷട്ടിലിൽ സജ്ജമാക്കിവയ്ക്കുന്നു. ഈ ഷട്ടിലിന് ഓടം എന്നാണ് പറയുന്നത്.
തറിയിൽ, പാവിനു കുറുകെയാണ് ഊടിന്റെ ഷട്ടിലിനുള്ള സ്ഥാനം. (താഴെയുള്ള ചിത്രത്തിൽ വട്ടത്തിനുള്ളിലുള്ള ഭാഗം). തറി പ്രവർത്തിപ്പിക്കുന്നതിനനുസരിച്ച് പാവുനൂലിനു കുറുകേ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാവുന്ന വിധത്തിലാണ് ഇതിന്റെ സജ്ജീകരണം.
നെയ്ത്തുകാരന്റെ കൈകളും കാലുകളും ഒരുമിച്ചുപയോഗിച്ചാണ് ഒരു തറി പ്രവർത്തിപ്പിക്കുന്നത്. നാലു റെക്കകളിലും കൂടിയുള്ള പാവുനൂലിനെ ക്രമത്തിൽ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് തറിയുടേ താഴെയുള്ള നാലു മെതികൾ(Pedals) മാറിമാറി ചവിട്ടിയിട്ടാണ്(താഴെയുള്ള ചിത്രത്തിൽ വട്ടത്തിനുള്ളിലുള്ള ഭാഗം). അതോടൊപ്പം മുകൾഭാഗത്തുള്ള ചരടുകൾ കൈകൊണ്ട് വലിക്കുന്നതിനനുസരിച്ച് ഊടുനൂലിന്റെ ഷട്ടിൽ പാവുനൂലിഴകൾക്കിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പായുന്നു.
തറി പ്രവർത്തിപ്പിക്കുന്നതിനനുസരിച്ച് ഊടും പാവും അടുപ്പിക്കാനുള്ള അച്ച് ആണ് താഴെയുള്ള ചിത്രത്തിൽ കാണുന്നത്(അസ്ത്രചിഹ്നം ശ്രദ്ധിക്കുക). ഇടതുകൈകൊണ്ട് അച്ചിനെ വലിച്ചടുപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.
അതായത്,
പാവുചുരുൾ ഉറപ്പിക്കാനുള്ള ഭാഗം, പാവുനൂൽ കടന്നുപോകുന്ന നാലു റെക്കകൾ, ഊടുനൂലിന്റെ ഓടം, റെക്കകളെ ക്രമത്തിൽ ഉയർത്താനുള്ള മെതികൾ, ഊടുനൂലിനെ ഓടിക്കാനുള്ള ചരടുകൾ, ഊടിനെയും പാവിനേയും വലിച്ചടുപ്പിക്കാനുള്ള അച്ച് എന്നിവയാണ് ഒരു തറിയുടെ പ്രധാന ഭാഗങ്ങളെന്നു ചുരുക്കിപ്പറയാം.
സൊസൈറ്റിയുടെ ഫാക്ടറിയിൽ കാവിമുണ്ടുകൾ, മറ്റു കളർ മുണ്ടുകൾ, തോർത്തുകൾ, കിടക്കവിരികൾ എന്നിവയാണ് നെയ്യുന്നത്.
കിടക്കവിരിയുടെ തറി:
നെയ്ത്തുകഴിഞ്ഞ് അടുക്കിവച്ചിരിക്കുന്ന കാവിമുണ്ടുകൾ:
വീടുകളിലാകട്ടെ, വീടുകളോടു ചേർന്നുള്ള ഷെഡുകളിലാണ് തറിയൊരുക്കിയിട്ടുണ്ടാവുക. കസവുമുണ്ടുകൾക്കാവശ്യമായ കസവുനൂൽ സൊസൈറ്റിയാണ് കൊടുക്കുന്നത്.  കസവുനൂൽ പരുത്തിനൂലിനെപ്പോലെ കഴുകുകയോ പുഴുങ്ങുകയോ ചീയിക്കുകയോ ഇല്ല. ഒന്നു വെള്ളത്തിലിട്ട് എടുക്കുകയേ ഉള്ളു.
കരകൾക്കാവശ്യമായ, ഡൈ ചെയ്ത കളർനൂലുകൾ  സൊസൈറ്റിയിൽ നിന്നെടുക്കും. അതിനുപകരം വെള്ളനൂലും ഡൈയുടെ വിലയും കൊടുക്കണം.
കസവുനൂൽ:
സജീവ് എന്ന നെയ്ത്തുകാരന്റെ വീട്ടിലെ തറിയുടെ ദൃശ്യം:
നീല കരയോടുകൂടിയ കസവുസെറ്റുമുണ്ടാണ് സജീവ് നെയ്തുകൊണ്ടിരിക്കുന്നതെന്നു കാണാം:
ഈ തറിയുടെ പിൻഭാഗത്തെ ദൃശ്യം: പാവുനൂലിന്റെ വലിയ ചുരുളിൽ നിന്ന് പാവുനൂൽ വലിച്ചുനീട്ടി എടുത്തിരിക്കുന്നു. നീല കരയ്ക്കു വേണ്ടിയുള്ള നീലനൂലും, കസവുകരയ്ക്കുള്ള കസവുനൂലും ഇരുവശങ്ങളിലും കാണാം:
തറിയുടെ മറ്റൊരു ദൃശ്യം:
നെയ്ത്തുകഴിഞ്ഞ മുണ്ടുകളിൽ ചിലത് വീടിന്റെ തിണ്ണയിൽ വച്ചിരിക്കുന്നു:
  • നെയ്തു കഴിഞ്ഞ മുണ്ടുകൾ കൈകൊണ്ട് ഉഴിഞ്ഞ് വൃത്തിയായി മടക്കിവയ്ക്കും. മെഴുകിട്ട്, ഇസ്തിരി ചെയ്ത് മടക്കുക എന്ന കൃത്രിമമായ രീതികളൊന്നും പ്രയോഗിക്കാറില്ല. 
  •  ഏറ്റവും മുന്തിയ നൂറ്റിയിരുപതാം നമ്പർ, നൂറാം നമ്പർ, എൺപതാം നമ്പർ നൂലുകളാണ് ചേന്ദമംഗലത്ത് മുണ്ടുകൾ നെയ്യാൻ ഉപയോഗിക്കുന്നത്.  എറ്റവും നേർമ്മയും, മിനുസവും, ഈടും ഉള്ളവയാണ് ഈ നൂലുകൾ. നമ്പർ കൂടുന്തോറും മേന്മ കൂടും. അതായത്, എൺപതാം നമ്പർ നൂലിനേക്കാൾ മുന്തിയതായിരിക്കും നൂറാം നമ്പർ നൂൽ. നൂറിനേക്കാൾ മുന്തിയത് നൂറ്റിയിരുപത്. ഉപയോഗിച്ച നൂലിന്റെ തരം അനുസരിച്ച് മുണ്ടുകളേയും എൺപതാം നമ്പർ മുണ്ട്, നൂറാം നമ്പർ മുണ്ട് എന്നിങ്ങനെയാണ് വിശേഷിപ്പിച്ചു പോരുന്നത്. 
  • ഒരു മുണ്ടിലെ ഊടിനും പാവിനും ഒരേ നമ്പർ നൂൽ തന്നെയാണ് ഉപയോഗിക്കുക എന്നത് ചേന്ദമംഗലം കൈത്തറിയുടെ പ്രത്യേകതയത്രേ. അതായത്, പാവുനൂൽ നൂറാം നമ്പർ ആണെങ്കിൽ ഊടുനൂലും നൂറാം നമ്പർ തന്നെയായിരിക്കും. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലതന്നെ. എത്ര കഴുകിയാലും ചുരുങ്ങുകയില്ല എന്നതു മാത്രമല്ല, ഉപയോഗിക്കുന്തോറും മിനുസം കൂടി വരും എന്നതുമാണ് ഇതുകൊണ്ടുള്ള ഗുണം. 
  • സൊസൈറ്റിയിൽ നിന്ന് നെയ്യാൻ കൊടുക്കുന്ന നൂലിന്റെ അതേ തൂക്കമുള്ള മുണ്ട് തിരികെ കൊടുക്കണമെന്നാണ് വ്യവസ്ഥ. അതായത്, നൂറാം നമ്പർ നൂലിന്റെ കഴികൾ നെയ്യാനെടുക്കുമ്പോൾ ഉണ്ടായിരുന്ന അതേ തൂക്കമുള്ള മുണ്ടുകളായിരിക്കണം നെയ്ത്തുകഴിഞ്ഞ് സൊസൈറ്റിക്ക് തിരിച്ച് കൊടുക്കേണ്ടത്. തൂക്കത്തിന്റെ കൃത്യത നിശ്ചയിക്കുന്നത്  ഊടിലും പാവിലും ഉള്ള നൂലുകളുടെ എണ്ണം കണക്കാക്കിയിട്ടാണ്. മുണ്ടിന്റെ ഒരിഞ്ചു സമചതുരമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. നൂറാം നമ്പർ മുണ്ടാണെങ്കിൽ ഒരു ഇഞ്ചിൽ തൊണ്ണൂറ്റിരണ്ട് പാവുനൂലും, എൺപത്തഞ്ച് ഊടുനൂലും ഉണ്ടായിരിക്കണം. എൺപതാം നമ്പർ മുണ്ടാണെങ്കിൽ ഒരിഞ്ചിൽ 80 പാവുനൂലും, 76 ഊടുനൂലുമായിരിക്കണം. ഈ എണ്ണം കൃത്യമാണെങ്കിൽ തൂക്കവും കൃത്യമായിരിക്കുമത്രേ. ഇത് ശരിയായില്ലെങ്കിൽ മുണ്ട് തിരിച്ചുകൊടുക്കുമത്രേ.
  • ഒരു മുണ്ട് സൊസൈറ്റിയിൽ കൊടുത്താൽ നെയ്ത്തുകാരന് കിട്ടുന്ന കൂലിയുടെ 50% നെയ്ത്തുകാരനുള്ളതാണ്. ബാക്കി 50% പാവൊരുക്കാനും മറ്റുമുള്ള സഹായികൾക്കായി വീതിച്ചുപോവും.

മുന്തിയ ഇനം പരുത്തിനൂലിന്റെ  വിലക്കയറ്റം, അദ്ധ്വാനത്തിനനുസരിച്ചുള്ള വരുമാനം ലഭിക്കായ്ക മൂലം മറ്റു തൊഴിലുകളിലേക്ക് ചേക്കേറാൻ പലരും നിർബന്ധിതരായത്,  എന്നിങ്ങനെ പലപല കാരണങ്ങൾ മൂലം പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് ഇന്നീ പരമ്പരാഗത വ്യവസായം. എങ്കിലും, ഗുണമേന്മ കൂടിയ അസംസ്കൃതസാധനങ്ങൾ തന്നെ ഉപയോഗിക്കുന്ന കാര്യത്തിലും, നെയ്യുന്ന രീതിയിലെ കണിശതയിലും, വിട്ടുവീഴ്ചയില്ലാത്ത മനോഭാവം ഇന്നും തുടരുന്നു എന്നതാണ് ചേന്ദമംഗലം കൈത്തറിയെ മറ്റു കൈത്തറിയിൽ നിന്ന് വേറിട്ടുനിർത്തുന്ന ഘടകം.

പവർലൂമുകൾ വ്യാപകമായതോടെ, വിലക്കുറവുള്ള, പുതുപുതു ഡിസൈനുകളിലുള്ള, തരാതരം മുണ്ടുകൾ  വിപണിയിൽ ധാരാളം ലഭ്യമാണെന്നത് വാസ്തവം തന്നെ. പക്ഷേ, കടയിൽ ചെന്ന്  കൈത്തറിമുണ്ടുകളുടെ വിലക്കൂടുതലിന്റെ മുമ്പിൽ ശങ്കിച്ചുനിൽക്കുമ്പോൾ ഒന്നോർക്കുക: ഒരു കൈത്തറിമുണ്ട് നെയ്ത്തിനായി തറിയിലെത്തിയതിനു പിന്നിലുള്ളത് ഒന്നല്ല, രണ്ടല്ല, മൂന്നല്ല, ഒൻപതു പേരുടെ അദ്ധ്വാനമാണ്!!
            
                                                                                          [അവസാനിച്ചു]

നന്ദി.....
  • സൊസൈറ്റിയിലെ സെക്രട്ടറി ശ്രീ. സോജന്....
  • ഫാക്ടറിയിലെ ഡൈ മാസ്റ്റർ/സൂപ്പർവൈസർ ചന്ദ്രൻ മാഷിന്.....
  • നെയ്ത്തുകാരൻ സജീവിനും അമ്മയ്ക്കും....
  • പിന്നെ, ഫാക്ടറിയിലും വീടുകളിലുമായി കണ്ടുമുട്ടിയതും പരിചയപ്പെട്ടതുമായ എല്ലാ തൊഴിലാളികൾക്കും....അവരുടെ സ്നേഹവായ്പിനും, സഹകരണത്തിനും.......

ചരിത്രപരമായ നുറുങ്ങുകൾക്ക് കടപ്പാട്:
  • സേതുവിന്റെ “മറുപിറവി” എന്ന കൃതി.
  • GEOGRAPHICAL INDICATIONS JOURNAL NO 41.
കുറിപ്പ്:  GEOGRAPHICAL INDICATIONS JOURNAL NO 41 താല്പര്യമുള്ളവർക്ക്  ഇവിടെ വായിക്കാം. 80 മുതൽ 90 വരെയുള്ള പേജുകളിൽ ചേന്ദമംഗലം കൈത്തറിയെക്കുറിച്ചും, ഭൗമസൂചക രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള ഇതര ഉല്പന്നങ്ങളേക്കുറിച്ച് മറ്റു പേജുകളിലും വായിക്കാവുന്നതാണ്.



10 പ്രതികരണങ്ങള്‍:

manoj.k.mohan said...

നന്ദി ബിന്ദു ചേച്ചി.

ശ്രീനാഥന്‍ said...

വളരെ നല്ല ഒരു പഠനം. ഇത്രയേറെ സൂക്ഷ്മതയോടെ,വിശദമായി ഇത് ചെയ്തതിന് അഭിനന്ദനങ്ങൾ,നന്ദി.

Mohammed Jamal said...

അഭിനന്ദനങ്ങള്‍....

കല്യാണിക്കുട്ടി said...

congraats..................

Manikandan said...

നന്ദി ഈ വിവരണത്തിന്.

മുസാഫിര്‍ said...

ചെറുപ്രായത്തിലെ അത്ഭുതകാഴ്ച്ചകളിലൊന്നായിരുന്നു അടുത്ത വീടുകളിലുണ്ടായിരുന്ന തറികളും അതിലെ ജോലിക്കാരും.നന്ദി,ബിന്ദു നല്ല വിവരണങ്ങൾക്കും മറഞ്ഞ് കിടന്ന ആ കാലത്തെ ഓർമ്മിപ്പിച്ചതിനും.

smitha adharsh said...

ഒരുപാട് നാളായി ഈ വഴിയ്ക്കൊക്കെ ഇറങ്ങിയിട്ട്.. ഈ പോസ്റ്റ്‌ ഗംഭീരം..അല്ല അതി ഗംഭീരം.. അങ്ങനെ പറഞ്ഞാലും കുറഞ്ഞു പോകും. ശരിക്കും നന്നായി ബിന്ദു ചേച്ചി..

മുബാറക്ക് വാഴക്കാട് said...

വളരെ വളരെ വളരെ മനോഹരം...
എത്താന്‍ വൈകി ലേ??

Unknown said...

വിവരങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു

Dika said...

LORONG KATA atau Lorong Kata adalah salah satu website yang dirancang oleh beberapa aktivis dan mahasiswa untuk menuangkan ide-ide publik dalam bentuk fiksi maupun semi-fiksi. Baik dalam konteks sosial, ekonomi, politik, dan olahraga maupun budaya. Asuransi Kendaraan MSIG

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP