Tuesday, April 24, 2012

ചേന്ദമംഗലം കൈത്തറിയുടെ ഊടും പാവും (ഭാഗം മൂന്ന്)

ഒന്നാം ഭാഗം ഇവിടെ വായിക്കുക
രണ്ടാം ഭാഗം ഇവിടെ വായിക്കുക 
-----------------------------------------------------------------------------------------------------------
പാവുണക്കൽ (Sizing)
പാവോട്ടം കഴിഞ്ഞ് തയ്യാറാക്കിയ നൂൽ നെയ്ത്തിനായി തറിയിൽ കയറ്റുന്നതിനുമുമ്പ്,  തറിയിലെ വലിച്ചിൽ മൂലമുള്ള പൊട്ടിപ്പോകൽ അതിജീവിക്കാൻ വേണ്ടത്ര കരുത്തും, ഒപ്പം നേർമ്മയുമുള്ളതാക്കി നൂലിനെ മാറ്റേണ്ടതുണ്ട്.

വെളിമ്പ്രദേശത്ത് നിരനിരയായി നാട്ടിയ കുറ്റികളിൽ പാവുനൂൽ നീളത്തിൽ  വിരിച്ചിട്ട്, പശ കൊടുത്ത് ഉണക്കിയാണ് ഇത് സാധിക്കുന്നത്. പാവുനൂലിന്റെ നീളത്തിന്റെ അത്രയും നീളമുള്ള സ്ഥലം ഇതിനാവശ്യമാണ്. ഫാക്ടറിയിൽ, ഫാക്ടറിയുടെ മുറ്റത്ത് ഇതിനാവശ്യമായ സ്ഥലം ധാരാളമുണ്ട്. എന്നാൽ  വീടുകളിലാകട്ടെ, ഇടവഴിയിലൂടേയോ, പറമ്പുകളിൽ നിന്ന് പറമ്പുകളിലേക്കോ, മുറ്റങ്ങളിൽ നിന്ന് മുറ്റങ്ങളിലേക്കോ നീളുന്ന കുറ്റികളിലാണിത് കാണാൻ കഴിയുക.  പണ്ടുകാലത്ത് മുന്നൂറും അഞ്ഞൂറും മീറ്ററുകൾ നീളമുള്ള പാവ് ഇപ്രകാരം ഉണക്കിയിരുന്നു. വേലിക്കെട്ടുകളുടേയും  മതിലുകളുടേയുമൊക്കെ എണ്ണം ദിനം‌പ്രതി വർദ്ധിച്ചുവരുന്ന ഇക്കാലത്ത് പക്ഷേ, ഇത്രയും നീളമുള്ള പറമ്പ് കിട്ടുക അസാധ്യം തന്നെ. അതുകൊണ്ട്, മുന്നൂറു മീറ്റർ നീളമുള്ള പാവിനെ,  നൂറ്റമ്പത് മീറ്റർ നീളമുള്ള  രണ്ടു ഭാഗങ്ങളായി തിരിച്ചാണ് പാവുണക്കൽ നടത്തുന്നത്. അതിരുകളില്ലാതെ ഒരു നൂറ്റമ്പത് മീറ്റർ പറമ്പ് ഇപ്പോഴും അവിടവിടെ ലഭ്യമാണ്....കാലക്രമേണ ഇതും അസാധ്യമായേക്കാം....

 നേർത്ത വെയിലും ഇളം കാറ്റുമുള്ള പുലർവേളകളിലാണ് പാവുണക്കൽ നടത്തേണ്ടത്. ചെറിയ  വെയിൽ വേണം; എന്നാൽ അധികമായി ചൂടുതട്ടാൻ പാടില്ല.  അതുപോലെതന്നെ,  തണൽ വേണം; എന്നാൽ തണൽ മാത്രമായി ഈർപ്പം പറ്റാനും പാടില്ല. അതുകൊണ്ട് നന്നേ പുലർച്ചയ്ക്ക് തുടങ്ങി, വെയിൽ മൂക്കുന്നതിനുമുമ്പേ പാവുണക്കൽ അവസാനിച്ചിരിക്കണം. ചൂടു തട്ടിയാൽ നൂലിന്റെ മിനുസം കുറയും. ഈർപ്പം തട്ടിയാൽ കരുത്തു കുറയും.

പാവുനൂൽ ഇപ്രകാരം വിരിക്കുന്നു. തുടർന്ന് മൈദാമാവ് കുറുക്കിയുണ്ടാക്കിയ പശ, വെളിച്ചെണ്ണയും ചേർത്ത് നൂലിൽ തേച്ചു പിടിപ്പിക്കും. പണ്ടുകാലത്ത് അരി ഉരലിൽ ഇടിച്ച് പൊടിയാക്കി, അതിൽ വെളിച്ചെണ്ണയും ചെമ്പരത്തിത്താളിയും ചേർത്തു കുറുക്കിയുണ്ടാക്കുന്ന പശയായിരുന്നത്രേ ഉപയോഗിച്ചിരുന്നത്.
കാവിമുണ്ടിനുള്ള പാവുനൂൽ ഉണക്കലാണ് ഇവിടെ കാണുന്നത്.

നൂറ്റമ്പത് മീറ്റർ നീളമുള്ള രണ്ടു ഭാഗങ്ങളാ‍ണ് നൂലിനെന്ന് പറഞ്ഞുവല്ലോ. ഈ രണ്ടു ഭാഗങ്ങളും തമ്മിലുള്ള ഒട്ടിപ്പിടുത്തം ഒഴിവാക്കാനായി നൂലിനിടയിലൂടെ ഇടയ്ക്കിടെ മരക്കമ്പുകൾ തിരുകിയിരിക്കുന്നു.
പശ തേച്ചശേഷം പിഴിയുന്നു:
അതിനുശേഷം നൂൽ വിടർത്താൻ തുടങ്ങുന്നു:

ഇടയിൽ തിരുകിയിട്ടുള്ള മരക്കമ്പുകളുടെ സ്ഥാനം ഇടയ്ക്കിടെ മാറ്റി ഒട്ടിപ്പിടുത്തം ഒഴിവാക്കുന്നു:
പൂർണ്ണമായും ചകിരികൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു ബ്രഷാണ് താഴെ കാണുന്നത്.
ഈ ബ്രഷ് പല പ്രാവശ്യം ഒരറ്റം മുതൽ മറ്റേ അറ്റം വരെ നൂലിലൂടെ ഓടിക്കുന്ന പണിയാണ് അടുത്തത്. “വിരിയിടൽ”, “വാരൽ” എന്നൊക്കെയാണ് ഇതിന് പറയുന്നത്. ഇതിലൂടെയാണ് പശ ഓരോ നൂലിഴയിലും വേണ്ടത്ര പിടിക്കുന്നത്. ഒപ്പം,  വിടർന്നുവിടർന്നു വരുന്ന നൂലിഴകൾ ഉണങ്ങാനും തുടങ്ങുന്നു. ഉണങ്ങിയശേഷം വീണ്ടും പശ തേച്ച് ഒരിക്കൽക്കൂടി ഇതേ പ്രവൃത്തി ആവർത്തിക്കും. മൊത്തം രണ്ടു പ്രാവശ്യം പശ തേച്ച് ഉണക്കിയെടുക്കുമെന്നർത്ഥം. ഇത് ചേന്ദമംഗലം കൈത്തറിയുടെ പ്രത്യേകതയത്രേ.
 ഉണക്ക് ഏകദേശം പൂർത്തിയായ നൂൽ.
ഉണക്കിയെടുത്ത നൂൽ വെയിൽ മൂക്കുന്നതിനുമുമ്പ് ചുരുട്ടിയെടുത്ത ശേഷം ആവശ്യം പോലെ നെയ്ത്തിനായി തറിയിൽ ഉറപ്പിക്കും.
നിസ്സാരമെന്ന് തോന്നുമെങ്കിലും, വളരെ മിനക്കെട്ട ഒരു ജോലിയാണ് പാവുണക്കൽ. കാലാവസ്ഥ അനുകൂലമാവേണ്ടതുണ്ട് എന്നതാണ് ഇതിലെ മർമ്മപ്രധാനമായ സംഗതി. അതുകൊണ്ടുതന്നെ, മഴക്കാലമാണ് ഏറ്റവും ദുരിതം പിടിച്ച കാലഘട്ടമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉണക്കലിനിടയിൽ മഴ വന്നാൽ അതുവരെ ചെയ്ത പണിയത്രയും പാഴായതുതന്നെ.

പാവുണക്കലിന്റെ  ചിത്രങ്ങൾ എടുത്തുകൊണ്ട്  ഞാൻ നിൽക്കുമ്പോൾ, പൊടുന്നനെ ഒരു വേനൽമഴ പൊട്ടിവീണു. “വിരിയിടൽ” ഏതാണ്ട് പകുതിയോളമായ പാവുനൂലിലേക്ക് മഴവെള്ളം വീശിയടിച്ചു. തൊട്ടടുത്തുള്ള ഒരു ഓലഷെഡിൽ തൊഴിലാളികളോടൊപ്പം ഞാനും അഭയം പ്രാപിച്ചു. “നൂൽ മഴ നനഞ്ഞല്ലോ, ഇനിയെന്തു ചെയ്യും?” എന്ന എന്റെ ചോദ്യത്തിന്,
“എന്തു ചെയ്യാനാ,  ഈ ചെയ്ത പണിമുഴുവൻ മഴ മാറിയിട്ട് ഇനി വീണ്ടും ആവർത്തിക്കണം” എന്ന നിസ്സംഗമായ ഉത്തരം. വെള്ളം മുഴുവൻ പിഴിഞ്ഞുകളഞ്ഞ്....വീണ്ടും പശ തേച്ച്........വിരിയിട്ട്.........

                                                                                             [തുടരും....]

4 പ്രതികരണങ്ങള്‍:

ശ്രീനാഥന്‍ said...

പാവുണക്കുന്നതും ശ്രദ്ധിച്ചു, തുടരട്ടെ!

Mohammed Jamal said...

നന്നായിട്ടുണ്ട് ....

ശ്രീ said...

തുടരട്ടെ...

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..... blogil puthiya post.... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane........

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP