Monday, July 26, 2010

വെങ്കലം (ഭാഗം 2)

ഒന്നാം ഭാഗത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മെഴുകുരുക്കല്‍
തയ്യാറാക്കിവച്ചിരിക്കുന്ന കരുക്കളുടെ ഉള്ളിലുള്ള മെഴുക് ഉരുക്കിമാറ്റുക എന്നതാണ് അടുത്ത ഘട്ടം. ഇതിനു ഉപയോഗിക്കുന്ന തീച്ചൂള/ഉലയാണ് താഴെ കാണുന്നത്. രണ്ടുതട്ടുകളുള്ള ഈ ചൂളയ്ക്ക് “കൊങ്ങല” എന്നാണ് പറയുന്നതത്രേ. അടപ്പുകൊണ്ടു മൂടിയിരിക്കുന്നതാണ് കരുക്കള്‍ വയ്ക്കാനുള്ള അറ. ഇതിനോട് ചേര്‍ന്ന് മെഴുകുരുകി പുറത്തേക്കു പോകാനുള്ള ഓവും, അതിനു താഴെയായി മെഴുക് ശേഖരിക്കാനുള്ള ചെമ്പും കാണാം. ചൂളയും അടപ്പുമൊക്കെ മണ്ണുകൊണ്ട് ഉണ്ടാക്കിയതുതന്നെ.

ചൂളയിലെ അറയില്‍ കരുക്കളെ മെഴുകുരുകിപ്പോകാനുള്ള ദ്വാരം കീഴോട്ടാക്കി അടുക്കി വയ്ക്കുന്നു. സാധാരണ വലുപ്പം മാത്രമുള്ള കരുക്കളേ ഈ ചൂളയില്‍ വയ്ക്കാന്‍ പറ്റൂ. വാര്‍പ്പ് മുതലായ വലിയ പാത്രങ്ങള്‍ ഉണ്ടാക്കേണ്ടി വരുമ്പോള്‍ അതിനായി പ്രത്യേകം വലിയ ചൂള ഉണ്ടാക്കുമത്രേ.

അടപ്പുകൊണ്ട് അറ അടച്ചശേഷം ഉല കത്തിക്കുമ്പോള്‍ ചൂടായ കരുക്കളില്‍ നിന്ന് മെഴുകുരുകി ഓവിലൂടെ താഴെയുള്ള ചെമ്പിലേക്ക് വീഴുന്നു. ഈ പ്രക്രിയ പൂര്‍ത്തിയാവാന്‍ ഏതാണ്ട് ഒന്നര-രണ്ട് മണിക്കൂറോളം എടുക്കും. ഈ ഘട്ടത്തോടെ ഓരോ കരുവിലും മെഴുകിന്റെ അതേ ആകൃതിയുള്ള പൊള്ളയായ ഒരു ഉള്ളറ രൂപപ്പെടുന്നു. (പാത്രത്തില്‍ ശേഖരിക്കുന്ന മെഴുക് വീണ്ടും അടുത്ത കരുനിര്‍മ്മാണത്തിന് ഉപയോഗിക്കും).

ലോഹം ഉരുക്കലും വാര്‍ക്കലും


താഴെ കാണുന്ന പാത്രത്തെയാണ് “മൂശ” എന്നു പറയുന്നത്. ഇതിലാ‍ണ് ലോഹം ഉരുക്കാനായി ഉലയില്‍ വയ്ക്കുന്നത്. ഏതാണ്ട് 10 കിലോയോളം ലോഹം ഇതില്‍ ഉരുക്കാന്‍ സാധിക്കും. മൂശയും മണ്ണുകൊണ്ടു പ്രത്യേകമായി ഉണ്ടാക്കിയെടുക്കുന്നതുതന്നെ.


രണ്ടു തട്ടുള്ള ഉലയുടെ പൂര്‍ണ്ണരൂപമാണ് താഴെ കാണുന്നത്. ഇതിന്റെ മുകള്‍ത്തട്ടിലാണ് കരുക്കള്‍ വച്ചിട്ടുള്ളത്. കരുക്കളിലെ മെഴുക് ഉരുകിത്തീരുമ്പോഴേക്കും ഉരുക്കാനുള്ള ലോഹം മൂശയിലാക്കി ഉലയുടെ താഴെത്തട്ടില്‍ വയ്ക്കുന്നു. ലോഹത്തിന്റെ ആവശ്യകത അനുസരിച്ച് ഒരേസമയം ഒന്നിലധികം മൂശകള്‍ വയ്ക്കേണ്ടി വരും. ഉല കത്തിച്ചു തുടങ്ങിയിരിക്കുന്നു:

ഉലയുടെ രണ്ടു തട്ടുകളും കത്തിക്കുമ്പോള്‍ മൂശയും കരുക്കളും ഒരുപോലെ ചൂടാവാന്‍ തുടങ്ങുന്നു. ഏതാണ്ട് 6 മണിക്കൂറോളംതുടര്‍ച്ചയായി ഉല കത്തിക്കുന്നതോടെ ചുട്ടുപഴുക്കുന്ന മൂശയിലെ ലോഹം ഉരുകി പൂര്‍ണ്ണമായും ദ്രാവകരൂപത്തിലായിത്തീരുകയും മുകള്‍ത്തട്ടിലെ കരുക്കള്‍ വെന്തുറച്ച് കൂടുതല്‍ ബലവത്തായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെ രണ്ടുതട്ടുകളും ഒരേ ചൂടിലെത്തിയാലുടനെ ആദ്യം ചുട്ടുപഴുത്ത കരുക്കള്‍ പുറത്തെടുത്ത് അവയുടെ (മെഴുകുരുകിപ്പോയ) ദ്വാരങ്ങള്‍ മുകളിലേക്ക് വരത്തക്കവിധം നിരത്തിവയ്ക്കുന്നു.

ലോഹം ഉരുകിത്തിളക്കുന്ന മൂശ:

വലിയൊരു കൊടില്‍ ഉപയോഗിച്ച് മൂശ ഉലയില്‍നിന്ന് പുറത്തെടുക്കുന്നു:

ലോഹം കരുക്കളിലെ ദ്വാരത്തിലൂടെ ഒഴിക്കുന്നു. വളരെ അപകടം പിടിച്ച ഒരു ഘട്ടമാണ് ഇത്. പരിചയസമ്പന്നര്‍ക്കു മാത്രമേ ഇത് ചെയ്യാന്‍ പറ്റൂ. അശ്രദ്ധയോ പരിചയക്കുറവോ മൂലം മൂശയുടെ പിടിവിട്ടുപോവുകയോ സ്ഥാനം മാറുകയോ ചെയ്താല്‍, ഉയര്‍ന്ന ഊഷ്മാവിലുള്ള, തിളച്ചുമറിയുന്ന ലോഹം കൊണ്ടുണ്ടാകാവുന്ന അപകടങ്ങള്‍ ഊഹിക്കാവുന്നതിനും അപ്പുറമാണ്.


മീതെ എന്തെങ്കിലും ഭാരം കയറ്റിവച്ചശേഷം കരുക്കള്‍ ചൂടാറാന്‍ വയ്ക്കുന്നു. 12 മുതല്‍ 18 മണിക്കൂറോളം നേരം ഇങ്ങനെ വയ്ക്കും.

കരു പൊട്ടിച്ച് യഥാര്‍ത്ഥ രൂപം പുറത്തെടുക്കല്‍

ചൂടാറിയ കരുക്കളില്‍ നിന്ന് ലോഹം വേര്‍പെടുത്തിയെടുക്കുക എന്നതാണ് ഇനി അടുത്ത ഘട്ടം. അടുത്ത ദിവസമാണ് ഇത് ചെയ്യുക. വലിയ ചുറ്റികകൊണ്ട് ശക്തിയായി, എന്നാല്‍ ശ്രദ്ധയോടെ, അടിക്കുമ്പോള്‍ മണ്ണ് പൊട്ടിയടര്‍ന്നു പോരാന്‍ തുടങ്ങുന്നു. ഇങ്ങനെ എല്ലാവശത്തുനിന്നും മണ്ണ് ശ്രദ്ധാപൂര്‍വ്വം പൊട്ടിച്ചുമാറ്റുന്നു. ഈ മണ്ണിനെയാണ് വാര്‍ക്കമണ്ണ് എന്നു പറയുന്നത്. വാര്‍ക്കമണ്ണിന്റെ കഷ്ണങ്ങള്‍ തല്ലിപ്പൊട്ടിച്ച് പൊടിയാക്കി വീണ്ടും കരുനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.
മെഴുകുരുകിപ്പോവാനും, ലോഹം ഒഴിക്കാനുമായി ഉണ്ടാക്കിയ ദ്വാരത്തിന്റെ ഭാഗം അഭംഗിയായി പുറത്തേക്ക് തള്ളിനില്‍ക്കുന്നത് അവസാനം മുറിച്ചു കളയും. നവജാത ശിശുവിന്റെ പൊക്കിള്‍ക്കൊടി മുറിക്കുന്നതുപോലെയത്രേ!

കരുപൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍:



മണ്ണ് തട്ടിക്കളഞ്ഞ് വൃത്തിയാക്കിയ ചില ഉല്പന്നങ്ങള്‍ കാണൂ:
പ്രഭാമണ്ഡലം:

പുറന്തോടിനുള്ളില്‍ നിന്ന് പുറത്തുവന്ന ദേവീചൈതന്യം:

വിളക്കിന്റെ ഭാഗങ്ങള്‍:


അവസാനഘട്ടം: രാകലും മിനുക്കലും

കരുക്കളില്‍ നിന്ന് പുറത്തെടുത്ത ഉല്പന്നങ്ങള്‍ക്ക് മിനുസമോ തിളക്കമോ ഉണ്ടായിരിക്കില്ലെന്ന് കണ്ടല്ലോ. അവയെ നമ്മള്‍ കടയില്‍ കാണുന്ന ഭംഗിയാര്‍ന്ന രൂപത്തിലേക്ക് മാറ്റുക എന്നതാണ് ഇനിയുള്ള ഘട്ടങ്ങളില്‍ ചെയ്യുന്നത്.

തീരെ നിസ്സാരമായ എന്തെങ്കിലും അപാകതകള്‍ ഈയം ഉപയോഗിച്ച് പരിഹരിക്കുന്നു.

ഉല്പന്നങ്ങളെ രാകി മിനുക്കുന്ന യൂണിറ്റാണ് ഇത്. വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രങ്ങളാണ് ഈ യൂണിറ്റില്‍ ഇപ്പോഴുള്ളത്. പണ്ടൊക്കെ, കൈകൊണ്ട് തിരിച്ച് പ്രവര്‍ത്തിപ്പിക്കുന്ന, “കടച്ചാമരം” എന്നു പേരുള്ള യന്ത്രമായിരുന്നത്രേ ഉപയോഗിച്ചിരുന്നത്.

ഇത് പോളിഷിങ്ങ് യന്ത്രം. അവസാനവട്ട മിനുക്കുപണി ഇവിടെയാണ് നടക്കുന്നത്.

ഇതും പോളിഷിങ്ങ് യന്ത്രം തന്നെ. താരതമ്യേന ചെറിയ ഉല്പന്നങ്ങളാണ് ഇതില്‍ മിനുക്കുന്നത്. ചിലവ അറക്കപ്പൊടി, മണ്ണെണ്ണ മുതലായവ ഉപയോഗിച്ച് കൈകൊണ്ട് മിനുക്കിയെടുക്കും. “ധാര” മുതലായ പോളിഷിങ്ങ് ദ്രാവകങ്ങളും ഉപയോഗിക്കാറുണ്ട്.

അവസാനവട്ട മിനുക്കല്‍ പൂര്‍ത്തിയായി വെട്ടിത്തിളങ്ങുന്ന ഉല്പന്നങ്ങള്‍:

ഉല്പന്നങ്ങള്‍ ഷോറൂമില്‍ ആവശ്യക്കാരെ കാത്ത്.....

[അവസാനിച്ചു....]


ഭരതന്റെ ഏറ്റവും മികച്ച ദൃശ്യാവിഷ്കാരങ്ങളിലൊന്നായ “വെങ്കല”ത്തിലെ “ആറാട്ടുകടവിങ്കൽ” എന്ന മനോഹരഗാനരംഗം ഇവിടെ ആസ്വദിക്കൂ.....

41 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

“കൈവിരലിൻ തുമ്പുകളിൽ കല്പനതൻ രൂപങ്ങൾ....
അത്ഭുത മൂർത്തികളായ് അവതരിച്ചിറങ്ങുന്നൂ....“

അലി said...

വിജ്ഞാനപ്രദമായ ഈ വിവരണങ്ങൾക്കും ചിത്രങ്ങൾക്കും നന്ദി!

ഭാവുകങ്ങൾ!

ശ്രീനാഥന്‍ said...

ഒരു പ്രൊജെക്റ്റ് വർക്ക് ചെയ്യും പോലെ അടുക്കും ചിട്ടയും പുലർത്തിയിരിക്കുന്നു, ബ്ലോഗുകളിൽ ഇതപൂർവ്വം.

അനില്‍@ബ്ലോഗ് // anil said...

ബിന്ദൂന്റെ ആദ്യ കമന്റ് പോലെ ...
:)
വെങ്കലം സിനിമയിൽ കുറച്ച് ഭാഗങ്ങൾ കാണിക്കുന്നുണ്ട്.

Kaithamullu said...

ചൂടോടെ വായിച്ചു.

;-))

ബഷീർ said...

ദൈവങ്ങളെ വരെ വാർത്തെടുക്കുന്ന ഈ മൂശയിൽ..ഹോ ഉരുകി തിളയ്ക്കുന്ന ചിത്രം കാണുമ്പോൾ തന്നെ ചൂട് അനുഭവപ്പെടുന്നു.

വളരെ നന്നായി ചിത്രങ്ങളും അവതരണവും
അഭിനന്ദനങ്ങൾ

Naushu said...

വളരെ നന്നായി ചിത്രങ്ങളും അവതരണവും
അഭിനന്ദനങ്ങൾ....

Ashly said...

ഫുള്‍ ടെന്‍ മാര്‍ക്സ്‌ !!!വിജ്ഞാനപ്രദമായ പോസ്റ്റ്‌ !!! നല്ല പടങ്ങള്‍ !

poor-me/പാവം-ഞാന്‍ said...

I got the guttans behind it..now let me try it in my house...as if I follow your cookery lessons!!!

Manikandan said...

വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു. ആശംസകള്‍.

Manickethaar said...

നന്നായിട്ടുണ്ട്‌

പിരിക്കുട്ടി said...

നല്ല രസം ഉണ്ട് ഫോട്ടോസ് പിന്നെ എന്ത് ബുദ്ധിമുട്ടി ആണ് അല്ലെ ഇതൊക്കെ ഉണ്ടാക്കുന്നത് .നമ്മള്‍ ഇതിന്റെ വില കേള്‍ക്കുമ്പോള്‍ ഞെട്ടും ഇതൊക്കെ കാണുമ്പോള്‍ ഇനി ഞാ‍ന്‍ ഞെട്ടില്ല കേട്ടോ ബിന്ദു ചേച്ചിടെ മറയൂര് ശര്‍ക്കര ഇന്നലെ ഏഷ്യാനെറ്റ്‌ പ്ലുസില്‍ walk വിത്ത്‌ subaidayil ലൈവ് ആയി കണ്ടു ...

ഭൂതത്താന്‍ said...

കൊള്ളാം വെങ്കലത്തിലൂടെയുള്ള ഈ യാത്ര

ഹരീഷ് തൊടുപുഴ said...

ഗ്രേറ്റ് ചേച്ചീ..

കുറെയൊക്കെ വിശദംശങ്ങൾ നേരത്തേ അറിയാമായിരുന്നെങ്കിലും കൂടുതൽ ഗ്രാഹ്യം ലഭിക്കുവാൻ ഈ പോസ്റ്റ് ഉപകരിച്ചെന്നു പറയേണ്ടതില്ലല്ലോ..

അഭിനന്ദനങ്ങൾ..

Unknown said...

മനോഹരങ്ങളായ ചിത്രങ്ങളും വിവരണവും...

Wash'Allan JK | വഷളന്‍ ജേക്കെ said...

അന്യം നിന്നു പോകുന്ന ചില കരവിരുതുകള്‍. പരിചയപ്പെടുത്തിയതിനു നന്ദി. വളരെ വിജ്ഞാനപ്രദം.

ഇ.എ.സജിം തട്ടത്തുമല said...

സംസാരിക്കുന്ന ചിത്രങ്ങൾ! അഭിനന്ദനങ്ങൾ!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

സൂപ്പര്‍ എന്നല്ലാതെ എന്ത് പറയാനാകും ഈ ബ്ളോഗിനെ.

Sureshkumar Punjhayil said...

Piravi...!!

Manoharam, Ashamsakal...!!!

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

I enjoyed. thanks

Muralee Mukundan , ബിലാത്തിപട്ടണം said...

‘കൈവിരലിൻ തുമ്പുകളിൽ കല്പനതൻ രൂപങ്ങൾ....
അത്ഭുത മൂർത്തികളായ് അവതരിച്ചിറങ്ങുന്നൂ....“

വെങ്കലത്തേക്കാൾ തിളങ്ങുന്ന വാക്കുകളും വർണ്ണനകളും...കേട്ടൊ ബിന്ദു

NISHAM ABDULMANAF said...

nice works

ഒരുമയുടെ തെളിനീര്‍ said...

ബ്ലോഗില്‍ വിവരിച്ച കാര്യങ്ങളെല്ലാം എന്നെ സംബന്ധിച്ച് പുതിയതാണ്
Really informative, Thanx

Anonymous said...

കാഞ്ചിപുരം സാരിയുടേ പേറ്റന്റ്‌ ചൈനാക്കാര്‍ കൊണ്ട്പോയപോലേ ഇതിന്റേ പേറ്റന്റ്‌ ഇനി ആര് കൊണ്ട് പോകുമോ ആവോ......!!!

മുരളിദാസ് പെരളശ്ശേരി said...

സൃഷ്ട്ടി പരിചയം ഉപകാരപ്രദം ...നന്ദി

Sabu Hariharan said...

നല്ല വിവരണം.
ചിത്രങ്ങൾ മനോഹരമായിരിക്കുന്നു.

നന്ദി.

Anil cheleri kumaran said...

അത്യപൂര്‍വ്വ ചിത്രങ്ങള്‍. നന്ദി.

Appu Adyakshari said...

ബിന്ദൂ.... സൂപ്പര്‍ പോസ്റ്റ്‌ തന്നെ. അഭിനന്ദനങ്ങള്‍ . വായിക്കാന്‍ വൈകി എന്നുമാത്രം!

മേഘമല്‍ഹാര്‍(സുധീര്‍) said...

good

വീകെ said...

ഞാനും ഇതു വായിക്കാൻ വൈകി...
നന്നായിരിക്കുന്നു...

ആശംസകൾ....

Echmukutty said...

ഞാനിപ്പോഴാണ് കണ്ടത്.
പോസ്റ്റിടുമ്പോ ഒരു മെയിൽ അയക്കണേ.
ലേഖനം ഗംഭീരമായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.

SUJITH KAYYUR said...

Manoharam...otta vakkil ingane parayanaanu thonnunnath.

mundoo said...

It is very difficult to collect pictures like this i really amazed to see this ,congratulations

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇത്ര നല്ല ഒരു വിശദീകരണം പടങ്ങളുള്‍പ്പടെ തന്നതിന്‍ നന്ദി എങ്ങനെ പ്രകടിപ്പിക്കണം എന്നറിയില്ല ഒരു വലിയ നന്ദി :

കുറെ ഏറെ മെനക്കെട്ടു അല്ലേ?

)

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

thanks

Unknown said...

ആദ്യവരവ്, ഗംഭീരകാഴ്ച സമ്മാനിച്ചു എനിക്ക്. വെങ്കലം സിനിമയിലേ ഇത് കണ്ടിരുന്നുള്ളു.

പ്രശംസിച്ചാല്‍ മതിയാകൂല്ലാ ഈ സചിത്രലേഖനം.

അതേ,

“കൈവിരലിൻ തുമ്പുകളിൽ കല്പനതൻ രൂപങ്ങൾ....
അത്ഭുത മൂർത്തികളായ് അവതരിച്ചിറങ്ങുന്നൂ....“

റാണിപ്രിയ said...

Very Good Post!!!

ബെഞ്ചാലി said...

വിജ്ഞാനപ്രദമായ വിവരണങ്ങൾ.
അഭിനന്ദനങ്ങൾ :)

PRAJOSHKUMAR K said...

നാല ചിത്രങ്ങള്‍. എഴുതില്ലെങ്കിലും മനസ്സില്‍ ആവുന്ന ചിത്രങ്ങള്‍.

അപ്പു said...

ഒറ്റയിരുപ്പിനു വായിച്ചു.ഈ കരു ഉണ്ടാക്കുനത് എങ്ങനെയെന്നു എപ്പോഴും അത്ഭുതപ്പെട്ടിരുന്നു.തീര്‍ത്തും വിജ്ഞാനപ്രദം.

mukthaRionism said...

മുഴുവന്‍ പോസ്റ്റുകളും നോക്കി.

# വെങ്കലം (ഭാഗം 1), വെങ്കലം(ഭാഗം 2)
# മറയൂര്‍ ശര്‍ക്കര
എന്നീ പോസ്റ്റുകള്‍ ഗംഭീരം.

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP