Monday, April 2, 2012

ചേന്ദമംഗലം കൈത്തറിയുടെ ഊടും പാവും (ഭാഗം ഒന്ന്)

ഏകദേശം ഒന്നര നൂറ്റാണ്ടിന്റെ രേഖപ്പെട്ട ചരിത്രമേ ഉള്ളു ചേന്ദമംഗലം കൈത്തറിക്ക്. അത് പാലിയം എന്ന കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നു.  പരമ്പരാഗതമായി കൊച്ചിരാജാവിന്റെ മന്ത്രിസ്ഥാനം അലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ആസ്ഥാനമായിരുന്നു ചേന്ദമംഗലം. തമിഴ്നാട്ടിൽ നിന്നും മുന്തിയതരം മുണ്ടുകൾ വിൽക്കാൻ വന്ന നെയ്ത്തുകാരനിൽ മതിപ്പു തോന്നിയ പാലിയത്തച്ചൻ അയാളെക്കൊണ്ട്  ഇഷ്ടപ്രകാരമുള്ള മുണ്ടുകൾ ധാരാളം നെയ്യിച്ചു വാങ്ങാൻ തുടങ്ങിയെന്നു മാത്രമല്ല,  ആ നെയ്ത്തുകാരന് ചേന്ദമംഗലത്തു താമസിച്ച് നെയ്യാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു . അതിനായി തമിഴ്നാട്ടിൽനിന്ന് തറികൾ വരുത്തിച്ചു.  പുതിയൊരു തൊഴിൽ കണ്ടും കേട്ടും അതിലാകൃഷ്ടരായ ദേശക്കാർ പതിയെ പതിയെ  അതു പഠിച്ചെടുക്കുകയും, അങ്ങനെ പുതിയൊരു തൊഴിൽ സംസ്കാ‍രത്തിന് അത് വഴിയൊരുക്കുകയും ചെയ്തു. ആരംഭകാലത്ത് പാലിയത്തു കുടുംബാംഗങ്ങൾക്കു വേണ്ടിയായിരുന്നു  നെയ്ത്തുകാർ   മുണ്ടുകളധികവും നെയ്തിരുന്നത്. അക്കാലത്ത് പാലിയത്തുകാരുടെ അന്തസ്സിന്റെ ചിഹ്നങ്ങളായിരുന്നു ഈ കൈത്തറിവസ്ത്രങ്ങൾ.  മേൽത്തരം പരുത്തിനൂലുകൊണ്ട്, മികച്ച കൈവേലയാൽ നെയ്യപ്പെടുന്ന വസ്ത്രങ്ങളുടെ ശ്രേഷ്ഠത തന്നെയായിരുന്നു അതിനു കാരണം.

പിൽക്കാലത്ത് ശ്രീ. കെ.വി. കുട്ടികൃഷ്ണമേനോൻ വ്യാവസായികാടിസ്ഥാനത്തിൽ കോട്ടയിൽ കോവിലകത്ത് സ്ഥാപിച്ച നെയ്ത്തുകേന്ദ്രമാണ്, രാജകുടുംബങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ചേന്ദമംഗലം കൈത്തറിയുടെ ഖ്യാതി മറുദേശങ്ങളിലേക്കും പരക്കാൻ കാരണമായത്. 1948-ൽ ഈ സ്ഥാപനം പൂട്ടിപ്പോയതിനുശേഷം പയനീർ എന്നൊരു പുതിയ കമ്പനി ഉദയം ചെയ്യുകയുണ്ടായി.  നെയ്ത്തുകാരെ ഒന്നടങ്കം സ്വന്തം കുടക്കീഴിൽ കൊണ്ടുവന്നതോടൊപ്പം ഈ കമ്പനി, നെയ്ത്തുകാർക്ക് കുറഞ്ഞവിലക്ക് പരുത്തിനൂൽ എത്തിച്ചുകൊടുക്കുകയും, അവർക്ക് സ്വന്തം വീടുകളിൽ ഇരുന്നുതന്നെ നെയ്യാനുള്ള അവസരമൊരുക്കുകയും ചെയ്തു. എന്നാൽ  1950-ൽ ഈ കമ്പനിയുടേയും പ്രവർത്തനം നിലച്ചു.  എന്നിരുന്നാലും,  സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉദയംകൊണ്ടിരുന്ന സഹകരണപ്രസ്ഥാനത്തിലേക്ക് അപ്പോഴേക്കും കൈത്തറി വ്യവസായവും എത്തിച്ചേർന്നിരുന്നു. തത്ഫലമായി സ്വാതന്ത്ര്യലബ്ധിക്കുശേഷം നിരവധി കൈത്തറി സഹകരണ സംഘങ്ങൾ ഈ പ്രദേശത്ത് രൂപം കൊള്ളുകയുണ്ടായി. ഇന്നും സഹകരണസംഘങ്ങളുടെ കുടക്കീഴിലാണ് ചേന്ദമംഗലത്തെ നെയ്ത്തുകാർ ഒന്നടങ്കം ജോലി ചെയ്യുന്നത്.

ഗ്രാമത്തിലെ സാധാരണക്കാരുടെ ഭൂരിഭാഗം വീടുകളും ചർക്കയുടേയും തറിയുടേയും താളത്തിലേക്ക് ഉറക്കമുണർന്നിരുന്ന പഴയ കാലഘട്ടത്തിൽനിന്നും, ഇന്ന് ഇരുന്നൂറിൽ താഴെ വീടുകൾ മാത്രമേ സജീവമായി ഈ രംഗത്തുള്ളു എന്ന സ്ഥിതിയിലേക്ക് കാലം എത്തിനിൽക്കുന്നു. അദ്ധ്വാനത്തിനനുസരിച്ചുള്ള വരുമാനം ലഭിക്കാത്ത ഈ തൊഴിലുപേക്ഷിക്കാൻ യുവതലമുറ നിർബന്ധിതരായതാണ് ഇതിനു കാരണം. തകർച്ചയുടെ വക്കിൽ നിന്ന്  ഈ വ്യവസായത്തെ കരകയറ്റി, പുതുജീവൻ പകർന്ന്, ഇങ്ങനെയെങ്കിലും നിലനിർത്തിക്കൊണ്ടുപോകുന്നത് ഇവിടത്തെ കൈത്തറി സഹകരണ സംഘങ്ങളാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന നാലോളം സഹകരണ സംഘങ്ങൾ ഇന്ന് ഇവിടെ നിലവിലുണ്ട്. വീടുകളിൽ നെയ്യുന്ന മുണ്ടുകൾ സഹകരണസംഘങ്ങൾ വഴിയാണ് വില്പനക്കെത്തുന്നത്.   ഡബിൾ മുണ്ടുകളും, കസവു മുണ്ടുകളും സെറ്റുമുണ്ടുകളുമൊക്കെ തികച്ചും പരമ്പരാഗതമായ രീതിയിൽത്തന്നെ വീടുകളിൽ നെയ്തൊരുക്കുമ്പോൾ സഹകരണ സംഘങ്ങളുടെ ഫാക്ടറികളിൽ പഴമയും ആധുനികതയും ഒത്തുചേർന്ന (കുറച്ചുകൂടി വേഗതയാർന്ന) രീതികളാണ് അവലംബിച്ചിരിക്കുന്നത്.  കളർമുണ്ടുകളും തോർത്തുകളും കിടക്കവിരികളുമൊക്കെയാണ് ഫാക്ടറിയിൽ അധികവും നെയ്യുന്നത്.

മറ്റു പല നെയ്ത്തുകേന്ദ്രങ്ങളും ആധുനികസൗകര്യങ്ങളും യന്ത്രങ്ങളും ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കാൻ മത്സരിക്കുന്ന ഇക്കാലത്തും, തലമുറകളായ് കൈമാറിവന്ന പരമ്പരാഗതവും പ്രകൃതിദത്തവുമായ രീതിതന്നെ പിൻ‌തുടരുന്നു എന്നതാണ് ചേന്ദമംഗലം കൈത്തറിയുടെ തനിമ എന്നെന്നും നിലനിറുത്തിക്കൊണ്ടുപോകുന്ന ഘടകം. ഇതിനുള്ള അംഗീകാരമെന്നോണം ഇപ്പോൾ ചേന്ദമംഗലം കൈത്തറിക്ക് കേന്ദ്രസർക്കാറിന്റെ ഭൗമസൂചക രജിസ്ട്രേഷൻ(Geographical Indications of India) ലഭിക്കുകയും ചെയ്തിരിക്കുന്നു.

ഒരു പ്രദേശത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പ്രത്യേക ഉത്പന്നങ്ങളുടെ വ്യക്തമായ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നതാണ് ഭൗമസൂചകം.

ചേന്ദമംഗലം കൈത്തറിക്ക് അനുവദിച്ചുകിട്ടിയ ലോഗോ:

ചേന്ദമംഗലം എന്റെ അയൽഗ്രാമമാണ്. എന്റെ ഗ്രാമത്തിനും ചേന്ദമംഗലത്തിനുമിടയിൽ ഒരു പുഴയുടെ അകലം മാത്രം....ചേന്ദമംഗലത്തെ കൈത്തറി വസ്ത്രങ്ങൾ മേന്മയും ഈടും കൂടിയതാണ് എന്ന വസ്തുതയ്ക്ക് അടിവരയിടുന്നത് വെറും കേട്ടുകേൾവികൾ മാത്രമല്ല, തലമുറകളായുള്ള അനുഭവസമ്പത്തു കൂടിയാണ്....ചേന്ദമംഗലമെന്ന് കേട്ടാൽ കൈത്തറിയെന്നുകൂടി ആരും കൂട്ടിച്ചേർത്തുപോകുംവിധം ഈ കൊച്ചുഗ്രാമത്തിനെ പ്രശസ്തിയിലേക്കുയർത്തിയ കൈത്തറിവ്യവസായത്തിന്റെ ഊടും പാവും തേടിയാണ്  ചേന്ദമംഗലത്തിന്റെ ഇതുവരെ കാണാത്ത ഊടുവഴികളിലൂടെ ഇത്തവണ ഞാനലഞ്ഞത്....

തമിനാട്ടിലെ സ്പിന്നിങ്ങ് മില്ലുകളിൽ നിന്നെത്തുന്ന പരുത്തിനൂൽ, നെയ്ത്തിനു പാകമായി തറിയിലെത്തുന്നത്, അദ്ധ്വാനഭാരമുള്ളതും, സങ്കീർണ്ണവുമായ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോന്നതിനുശേഷമാണ്. സൊസൈറ്റിയാണ് നൂൽ വാങ്ങുന്നത്. ഫാക്ടറിയിൽ നെയ്യാനുള്ളത്  അങ്ങോട്ടും, വീടുകളിലേക്കുള്ളത് ആവശ്യാനുസരണം നെയ്ത്തുകാർക്കും കൊടുക്കും. നെയ്യാൻ കൊടുക്കുന്ന നൂലിന് തുല്യതൂക്കമുള്ള മുണ്ട് തിരികെ കൊടുക്കണമെന്നുള്ളതാണ് വ്യവസ്ഥ.
നൂൽ ചീയിക്കൽ
 പരുത്തിനൂലിന്റെ കെട്ട്:
തമിഴ്നാട്ടിലെ മില്ലുകളിൽ നിന്നെത്തുന്ന നൂലിൽ മെഴുകും കറകളും അഴുക്കും കാണും. ഇതൊക്കെ മാറ്റി, നൂൽ വൃത്തിയാക്കിയെടുക്കുക എന്നതാണ് ആദ്യഘട്ടം. സെറ്റുമുണ്ടുകൾ, സാരികൾ, മുണ്ടുകൾ എന്നിവ അധികവും വീടുകളിലാണ് നെയ്യുന്നത് എന്ന് പറഞ്ഞുവല്ലോ.   തികച്ചും പരമ്പരാഗതമായ രീതിയിലാണ് വീടുകളിൽ ഇത് ചെയ്യുന്നത്.

നൂൽ ചീയിക്കൽ എന്നാണ് ഇതിന് പറയുന്നത്. അതായത്, നൂൽക്കെട്ടുകൾ 7 ദിവസത്തോളം വെള്ളത്തിലിട്ട് ചീയിക്കുക. ദിവസവും രണ്ടുനേരം പുറത്തെടുത്ത്, കല്ലിനുമുകളിൽ വച്ച്, നന്നായി ചവുട്ടി വൃത്തിയാക്കും.
ചവുട്ടിയതിനുശേഷം വീണ്ടും വെള്ളത്തിലിട്ടുവയ്ക്കും. ഇങ്ങനെ 7 ദിവസം ആവർത്തിക്കും. അതോടെ നൂൽ അഴുക്കും കറയുമെല്ലാം പോയി വൃത്തിയാവും. വൃത്തിയാക്കിയ നൂൽക്കെട്ട് നന്നായി പിഴിഞ്ഞെടുത്ത് വെയിലത്ത് ഉണക്കിയെടുക്കും.പാവിനുള്ള(Warp) നൂൽ മാത്രമേ ഇങ്ങനെ ചെയ്യുകയുള്ളു. ഊടിനുള്ളത്(Weft) വെള്ളത്തിലിട്ട് ഒരു പ്രാവശ്യം ചവുട്ടിയശേഷം കഴുകിയെടുത്ത് ഉണക്കും.
ചായം മുക്കൽ (ഡൈയിങ്ങ്)
സെറ്റുമുണ്ടുകളുടേയും ഡബിൾ മുണ്ടുകളുടേയുമൊക്കെ കര, കാവിമുണ്ടുകൾ, മറ്റു കളർമുണ്ടുകൾ, ബെഡ്ഷീറ്റുകൾ എന്നിവയ്ക്കുവേണ്ട വിവിധ നിറത്തിലുള്ള നൂലുകൾ സൊസൈറ്റിയുടെ ഡൈയിങ്ങ് യൂണിറ്റിൽ നിറം കൊടുക്കുകയാണ് ചെയ്യുന്നത്. ഈ കളർനൂൽ, ഫാക്ടറിയിൽ കളർമുണ്ടുകളും ബെഡ്ഷീറ്റുകളുമൊക്കെ നെയ്യാനെടുക്കുന്നതിനു പുറമേ, വീടുകളിലെ നെയ്ത്തുകാർക്ക് മുണ്ടുകളുടെ കര നെയ്യാനും ആവശ്യാനുസരണം നൽകും.

നിറം ഇളകാത്തതും മങ്ങാത്തതുമായ വസ്ത്രങ്ങളും കരകളും ചേന്ദമംഗലം കൈത്തറിയുടെ എടുത്തുപറയേണ്ട പ്രത്യേകതയത്രേ. ഉപയോഗിക്കുന്ന ഡൈയുടെ ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല എന്നുള്ളതാണ് അതിനുകാരണം. വില കൂടിയതെങ്കിലും, ഏറ്റവും മുന്തിയതും, പ്രകൃതിയോടിണങ്ങി നിൽക്കുന്നതും, ഈടുറ്റതുമായി പൊതുവേ കണക്കാക്കിപ്പോരുന്ന വാറ്റ് ഡൈ(Vat Dye) ആണ് ഇവിടെ ഉപയോഗിച്ചുപോരുന്നത്.

നിറം കൊടുക്കാനുള്ള നൂൽക്കെട്ടുകൾ, ചീയിക്കൽ എന്ന പരമ്പരാഗത രീതിക്കു പകരം വലിയ ബോയിലറിലിട്ട് പുഴുങ്ങിയെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ഡൈയിങ്ങ് യൂണിറ്റിലെ 7 അടി ഉയരമുള്ള യാൺ ബോയിലറാണ് താഴെ കാണുന്നത്:
ഈ ബോയിലറിൽ നൂൽക്കെട്ടുകൾ അഥവാ കഴികൾ ഇട്ട്, സോപ്പ് ഓയിൽ, കാസ്റ്റിക്ക് സോഡ,സോഡാ ആഷ് എന്നിവ ചേർത്ത് വെള്ളത്തിൽ 24 മണിക്കൂർ പുഴുങ്ങും.
അതിനുശേഷം പുറത്തെടുത്ത് പച്ചവെള്ളത്തിൽ 2 പ്രാവശ്യം നന്നായി കഴുകിയെടുക്കും. ഇതോടെ നൂൽ അഴുക്കെല്ലാം പോയി വൃത്തിയാവുന്നു.
കഴുകിയെടുത്ത നൂൽക്കഴികൾ പിഴിയാനുള്ള സംവിധാനമാണ് താഴെ ഒന്നാമത്തെ ചിത്രത്തിൽ കാണുന്നത്. തിരശ്ചീനമായി ഉറപ്പിച്ചിട്ടുള്ള ഇരുമ്പുദണ്ഡാണ് ഇത്.
 നൂൽക്കഴി ഈ ഇരുമ്പുദണ്ഡിൽ കോർത്തിട്ട് ശക്തിയായി പിഴിഞ്ഞെടുക്കുന്നു(രണ്ടാം ചിത്രം)
 പിഴിഞ്ഞെടുത്ത നൂൽക്കഴികൾ (മൂന്നാം ചിത്രം)
 നൂൽ വിടർത്തി പരിശോധിച്ച്, കെട്ടുപിണച്ചിലൊക്കെ മാറ്റുന്നു(നാലാം ചിത്രം)
[ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം]
കഴുകിപ്പിഴിഞ്ഞെടുത്ത കഴികൾ തൂക്കിയിടാനുള്ള ഹാങ്ങറാണ് താഴെ ഒന്നാമത്തെ ചിത്രത്തിലുള്ളത്.
 ഹാങ്ങറിൽ കോർത്തിട്ട നൂലാണ് രണ്ടാമത്തെ ചിത്രത്തിൽ
ഡൈ ചെയ്യാനുള്ള ടാങ്ക് അഥവാ ഡൈബാത്ത് ആണ് താഴെ കാണുന്നത്. നൂൽക്കഴികൾ നിറം കൊടുക്കാൻ പാകത്തിന് ഹാങ്ങറുകളിൽ തയ്യാറാവുമ്പോഴേക്കും ഡൈബാത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുന്നു. വെള്ളത്തിൽ കാസ്റ്റിക്ക് സോഡ, സോഡിയം ഹൈഡ്രോസൾഫേറ്റ് എന്നിവയും ചേർക്കും. ടാങ്കിന്റെ അടിയിൽ വിറകിട്ടു കത്തിച്ചാണ് വെള്ളം ചൂടാക്കുന്നത്.
ചേർക്കാനുദ്ദേശിക്കുന്ന നിറത്തിന്റെ ഡൈ അപ്പോഴേക്കും ബക്കറ്റിൽ എടുത്തുവച്ചിട്ടുണ്ടാവും. വെള്ളത്തിന്റെ ചൂട് 100ഡിഗ്രി ആവുമ്പോൾ ഡൈ ചേർത്തിളക്കുന്നു.  നൂലിന് കിട്ടേണ്ട യഥാർത്ഥ നിറത്തിന് യോജിച്ച ചായം തിരഞ്ഞെടുക്കുക, അതിന്റെ കൃത്യമായ അളവ് നിശ്ചയിക്കുക, പുതിയൊരു ഷേഡ് ഉണ്ടാക്കേണ്ടിവരുമ്പോൾ അതിനു യോജിച്ച തരത്തിലുള്ള ചായങ്ങൾ കൃത്യമായ അളവിൽ കൂട്ടിച്ചേർക്കുക എന്നിവയൊക്കെ പൂർണ്ണമായും ഡൈമാസ്റ്ററുടെ ഉത്തരവാദിത്തങ്ങളാണ്.
തോർത്തുമുണ്ടുകൾ മുതലായവയ്ക്കുള്ള  തൂവെള്ളനിറത്തിനുവേണ്ടി ബ്ലീച്ചിങ്ങ് പൗഡർ ചേർത്ത വെള്ളത്തിലിട്ട് ബ്ലീച്ച് ചെയ്യും.

കാവിമുണ്ടിനുവേണ്ടിയുള്ള നിറമാണ് ഇപ്പോൾ ഇതിൽ ചേർത്തിരിക്കുന്നത്.
എല്ലാത്തിനും മേൽനോട്ടവുമായി  ഡൈമാസ്റ്റർ ചന്ദ്രൻ മാഷ് ഡൈബാത്തിനരികിൽ:
ഡൈ നന്നായിളക്കി യോജിപ്പിച്ചശേഷം ഹാങ്ങറുകളിൽ തയ്യാറാക്കിവച്ചിരിക്കുന്ന കഴികൾ ഡൈബാത്തിലേക്ക് ഇറക്കിവയ്ക്കുന്നു. ഏതാണ്ട് അര മണിക്കൂർ മുതൽ 45 മിനിട്ട് വരെ ഇങ്ങനെ വയ്ക്കും. നിറം നൂലിന്റെ എല്ലാ ഭാഗത്തും ശരിക്ക്  പിടിക്കാനായി നൂൽ നന്നായി ഇളക്കിക്കൊടുക്കേണ്ടതുണ്ട്. അതിനായി ഹാങ്ങറുകളുടെ സ്ഥാനം ഇടയ്ക്കിടെ മാറ്റിക്കൊടുക്കും.
വേണ്ടുന്ന സമയം കഴിഞ്ഞാൽ നൂൽക്കഴികൾ ഒന്നൊന്നായി ഹാങ്ങറിൽ നിന്നെടുത്ത് ചൂടോടെ പിഴിയും.  കട്ടിയുള്ള കയ്യുറ ധരിച്ചിട്ടാണ് തൊഴിലാളികൾ ഇത് ചെയ്യുന്നത്.
ഈ നൂൽക്കെട്ടുകൾ രണ്ടുമൂന്നു പ്രാവശ്യം പച്ചവെള്ളത്തിലിട്ട് നന്നായി അലമ്പി പിഴിഞ്ഞെടുക്കും. ടാങ്കുകളിൽ വെള്ളം നിറച്ച് അതിലിട്ടാണ് അലമ്പുന്നത്. ഇതോടെ നിറം കൊടുക്കുന്ന ജോലി പൂർത്തിയായി. ഈ നൂൽ ഒരുദിവസം മുഴുവൻ തണലിൽ ഉണക്കും. തണലിലിട്ടുണക്കുന്നത് ശരിയായ ജാരണം(Oxidation) നടക്കാൻ സഹായകരമാവുകയും അതുവഴി, കൊടുക്കുന്ന ഡൈയുടെ യഥാതഥമായ നിറം നൂലിന് ലഭിക്കുകയും  ചെയ്യുന്നു. അതിനുശേഷം വെയിലത്ത് നന്നായി ഉണക്കിയെടുക്കും.
നിറം കൊടുക്കൽ കഴിഞ്ഞ് ഉണക്കിവച്ചിരിക്കുന്ന നൂൽ:
                                                                                                                   
                                                                                                                 [തുടരും.....]

12 പ്രതികരണങ്ങള്‍:

Kaithamullu said...

ഈ ഫീച്ചര്‍ ഓഫീസില്‍ ഇരുന്ന് വായിക്കുന്നില്ല. പ്രിന്റ് എടുത്ത് വീട്ടിലിരുന്ന് സാവധാനം....

Manju Manoj said...

ബിന്ദു,... എന്റെ നാട്ടില്‍ ചുറ്റിക്കറങ്ങി അല്ലെ,......സന്തോഷം തോന്നുന്നു ഇത് വായിച്ചപ്പോള്‍... നാട്ടില്‍ പോകുമ്പോള്‍ ഒക്കെ ഞാനും വാങ്ങാറുണ്ട് ഒരു സെറ്റ് മുണ്ട് എങ്കിലും...:))))

ഷാജി said...

പറവൂരു വഴി പോകുമ്പോൾ ഒരു നെയ്ത്തുശാലയുടെ മുമ്പിൽ ചേന്ദമംഗലം കൈത്തറി എന്നെഴുതിയതു കാണുമ്പോൾ എന്താണിതിന്റെ പ്രത്യേകത എന്നാലോചിക്കാറുണ്ടായിരുന്നു. നന്ദി ഇത്രയും കാര്യങ്ങൾ പറഞ്ഞുതന്നതിന്.

Appu Adyakshari said...

ബിന്ദൂ.... ഫോട്ടോ ഫീച്ചർ എഴുത്തിൽ നന്നായി പുരോഗമിച്ചിരിക്കുന്നു കേട്ടോ. ഈ ഫീച്ചർ പൂർത്തിയായാൽ മലയാളം വിക്കിപീഡിയയിൽ ചേർക്കണേ.

അനില്‍@ബ്ലോഗ് // anil said...

നന്നായിരിക്കുന്നു, ബിന്ദു.
ഒരു റഫറൻസ് എന്നരീതിയിലേക്ക് ഉയർന്ന എഴുത്ത്.

Alwin Kalathil said...

ഞാനും ഒരു പുത്തന്‍വേലിക്കരക്കാരനാണ്.
മുണ്ടുടുക്കാന്‍ തുടങ്ങിയ കാലം മുതല്‍ ചേന്ദമംഗലത്ത് പോയി കാവിയും കൈത്തറിയും വാങ്ങി ഉടുത്തിരുന്ന ആളാണ് ഞാന്‍.പക്ഷെ,ബിന്ദു ചേച്ചി എഴുതിയ കാര്യങ്ങള്‍ വായിച്ചപ്പോഴാണ് കൈത്തറിയുടെ ഉന്നത നിലവാരത്തിന് പിന്നില്‍ ഇത്രയും അധ്വാനം ഉണ്ടെന്നു മനസ്സിലായത്.
നന്നായിരിക്കുന്നു.
വളരെ വൈകി ബ്ലോഗിലേക്ക് എത്തിയ ഒരാളാണ് ഞാന്‍.എന്റെ നാട്ടില്‍ നിന്ന് ഒരാള്‍ ഇത്രയും മനോഹരമായ ഒരു ബ്ലോഗ്‌ എഴുതുന്നുണ്ട് എന്ന് അറിഞ്ഞതില്‍ സന്തോഷവും അതിലേറെ അഭിമാനവും ഉണ്ട്.ചിത്രങ്ങള്‍ ഒക്കെ ഗംഭീരം.എഴുത്ത് അതി ഗംഭീരം.അഭിനന്ദനങ്ങള്‍,ആശംസകള്‍,പ്രാര്‍ത്ഥനകള്‍.

Typist | എഴുത്തുകാരി said...

ഇതാണല്ലേ ചേന്ദമംഗലം കൈത്തറിയുടെ കഥ. കാര്യങ്ങൾ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. കാത്തിരിക്കുന്നു, അടുത്തതു വായിക്കാൻ.

Kalavallabhan said...

"തമിഴ്നാട്ടിലെ മില്ലുകളിൽ നിന്നെത്തുന്ന നൂലിൽ മെഴുകും കറകളും അഴുക്കും കാണും. ഇതൊക്കെ മാറ്റി, നൂൽ വൃത്തിയാക്കിയെടുക്കുക എന്നതാണ് "
ചേന്ദമംഗലത്തെ പ്രത്യേകത എന്നു തോന്നുന്നു. ആണോ ?

ശ്രീനാഥന്‍ said...

ചേന്ദമംഗലത്ത് പാലിയത്തച്ചൻ കുടിയിരുത്തിയതാണ് നെയ്ത്തുകാരെയെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയൊന്നും കാര്യങ്ങൾ അറിയുമായിരുന്നില്ല. നല്ലവണ്ണം പഠിച്ചഴുതിയ ലേഖനം. നന്ദി.സന്തോഷം

kanakkoor said...

ആദ്യമാണ് ഇവിടെ. എത്ര വിശദമായ വിവരണം ! പതിവ് കവിതകളും കഥകളും വിട്ട് ഒരു ബ്ലോഗ്‌ പോസ്റ്റ്‌. നന്നായിരിക്കുന്നു. വളരെ സന്തോഷം.
ഒരു കാര്യം ചോദിക്കട്ടെ .. നൂല്‍ ചീയിക്കല്‍ എന്തെങ്കിലും തരത്തില്‍ മലിനീകരണം ഉണ്ടാക്കുന്നുണ്ടോ ?

നിരക്ഷരൻ said...

ചേന്ദമംഗലം കൈത്തറിയും ഊടും പാവും..... അതാണീ ലേഖനം. സേതുവിന്റെ മറുപിറവിയിൽ അത്യാവശ്യം വിവരണമുണ്ടെങ്കിലും ഇത് പടങ്ങൾ അടക്കമുള്ള വിശദമായ ഒന്നായി മേന്മയോടെ നിൽക്കുന്നു. മുസരീസിന്റെ ചരിത്രം ചികഞ്ഞിറങ്ങിയിരിക്കുന്ന എനിക്കിത് വിലപ്പെട്ടതാണ്. നന്ദി ബിന്ദൂ.

Manikandan said...

പറവൂരിൽ ചേന്ദമംഗലം ജങ്ഷനു സമീപം സൊസൈറ്റിയുടെ ഒരു ഡൈ സെന്റെർ ഉണ്ടെന്നു തോന്നുന്നു. അവിടെ ഇങ്ങനെ നിറം കൊടുത്ത നൂലുകൾ ഉണക്കാൻ ഇട്ടിരിക്കുന്നത് കാണാം. ചേന്ദമംഗലം കൈത്തറിയെപ്പ്റ്റി വിശദമായി എഴുതുന്നതിന് നന്ദി. പണ്ട പറവൂരിലും പരസരത്തുള്ള പല ഗ്രാമങ്ങളിലും കൈത്തറികൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം നാമമാത്രം. ഞാനും ഉപയോഗിക്കുന്നത് ചേന്ദമംഗലം കൈത്തറിയുടെ ഡബിൾ മുണ്ടുകൾ ആണ്.

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP